വാർത്താനോട്ടം

Advertisement

2024 ഡിസംബർ 17 ചൊവ്വ

🌴 കേരളീയം 🌴

🙏എറണാകുളം ജില്ലയിലെ കുട്ടമ്പുഴയില്‍ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു. ക്ണാച്ചേരി സ്വദേശി എല്‍ദോസാണ് മരിച്ചത്.

🙏കുട്ടമ്പുഴയില്‍ കാട്ടാന ആക്രമണത്തില്‍ മരിച്ച എല്‍ദോസിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കും.

🙏ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു

🙏ആന എഴുന്നള്ളിപ്പ് നിയന്ത്രണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദേവസ്വങ്ങള്‍ സുപ്രീംകോടതിയെ സമീപിച്ചു. തൃശൂര്‍ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളാണ് സുപ്രീംകോടതിയെ സമീപിച്ചത്.

🙏കണ്ണൂരില്‍ ചികിത്സയിലുള്ള ഒരാള്‍ക്ക് മങ്കി പോക്സ് സ്ഥിരീകരിച്ചു. അബുദാബിയില്‍ നിന്ന് എത്തിയ വയനാട് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

🙏 ഭാര്യയെ തീ വെച്ച് കൊലപ്പെടുത്തിയ കേസില്‍ ജാമ്യം നേടി മുങ്ങിയ പ്രതിയെ 14 വര്‍ഷത്തിനുശേഷം പോലീസ് പിടികൂടി. പത്തനംതിട്ട കോയിപ്രം പോലീസ് ആണ് പിടികൂടിയത്. കടമാങ്കുഴി സ്വദേശി സിന്ധു കൊല്ലപ്പെട്ട കേസില്‍ ഭര്‍ത്താവ് രാജീവ് ആണ് പിടിയിലായത്.

🙏ശബരിമല സന്നിധാനത്തെ മേല്‍പ്പാലത്തില്‍ നിന്ന് താഴേക്ക് ചാടിയ അയ്യപ്പ ഭക്തന്‍ മരിച്ചു. കര്‍ണാടക രാം നഗര്‍ സ്വദേശി കുമാരസാമിയാണ് മരിച്ചത്. 40 വയസായിരുന്നു പ്രായം. ഇന്നലെ വൈകിട്ട് സന്നിധാനത്ത് മാളികപ്പുറത്തേക്കുള്ള ഫ്ലൈ ഓവറില്‍ നിന്നാണ് അയ്യപ്പ ഭക്തനായ ഇദ്ദേഹം താഴേക്ക് ചാടിയത്.

🙏 ആദിവാസി സ്ത്രീയുടെ മൃതദേഹം ശ്മശാനത്തിലേക്ക് കൊണ്ടുപോകാന്‍ ആംബുലന്‍സ് കിട്ടാതെ വന്നതില്‍ പ്രതിഷേധം. ആംബുലന്‍സ് കിട്ടാതായതോടെ മൃതദേഹം ഓട്ടോറിക്ഷയിലാണ് കൊണ്ടുപോയത്.

🙏 ഡിസംബര്‍ മൂന്നിന് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച ‘വ്യാജ കളക്ടര്‍’ പിടിയില്‍. മലപ്പുറം ജില്ലാ കളക്ടറുടെ പേരില്‍ വ്യാജ സന്ദേശം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച 17 -കാരനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

🙏 കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന പി മാധവന്‍ നമ്പൂതിരി അന്തരിച്ചു. 73 വയസ്സായിരുന്നു. വീട്ടില്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ദില്ലി എയിംസില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തൃശൂര്‍ ഒല്ലൂര്‍ പട്ടത്തുമനയ്ക്കല്‍ കുടുംബാംഗമാണ്.

🙏 നെടുമ്പാശേരി വിമാനത്താവളത്തില്‍ വീണ്ടും ലഹരി വേട്ട. പൊതുവിപണിയില്‍ 4.25 കോടി രൂപ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവാണ് പിടികൂടിയത്. ബാങ്കോക്കില്‍ നിന്നും എത്തിയ മലപ്പുറം സ്വദേശി ആമില്‍ ആസാദിനെയാണ് കഞ്ചാവുമായി കസ്റ്റംസ് പിടികൂടിയത്.

🙏 ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് . തെക്കു കിഴക്കന്‍ അറബിക്കടലിനു മുകളില്‍ ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നുണ്ടെന്നും കേരളത്തില്‍ അടുത്ത 5 ദിവസം ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

🇳🇪 ദേശീയം 🇳🇪

🙏 പ്രതീക്ഷിച്ച മന്ത്രി സ്ഥാനങ്ങള്‍ കിട്ടാതിരുന്ന ഷിന്‍ഡെ വിഭാഗം ശിവസേന അഞ്ച് വര്‍ഷക്കാലയളവ് വിഭജിച്ച് കൂടുതല്‍ പേര്‍ക്ക് അവസരം നല്‍കാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. നിലവില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ 11 മന്ത്രിമാരോട് രണ്ടര വര്‍ഷത്തിന് ശേഷം രാജിവെക്കുമെന്ന് സത്യവാങ്മൂലം ഒപ്പിട്ട് വാങ്ങാനാണ് ആലോചിക്കുന്നത്.

🙏 ‘പലസ്തീന്‍’ എന്നെഴുതിയ ബാഗ് ധരിച്ച് പാര്‍ലമെന്റിലെത്തി വയനാട് എം പി പ്രിയങ്ക ഗാന്ധി. പലസ്തീന്‍ ഐക്യദാര്‍ഢ്യ സന്ദേശവുമായെത്തിയ പ്രിയങ്കക്കെതിരെ ബിജെപിയില്‍ നിന്ന് രൂക്ഷമായ എതിര്‍പ്പുയര്‍ന്നു.

🙏യാചകരെ നിരത്തുകളില്‍നിന്ന് പൂര്‍ണമായും ഒഴിവാക്കാന്‍ കടുത്ത നടപടി സ്വീകരിക്കാനൊരുങ്ങി രാജ്യത്തെ ഏറ്റവും ശുചിത്വമുള്ള നഗരമായ ഇന്‍ഡോര്‍. യാചകര്‍ക്ക് പണം നല്‍കുന്നവര്‍ക്കെതിരെ കേസെടുക്കാനാണ് നീക്കം.

🙏ബംഗ്ലാദേശ് വിജയദിവസ് ആഘോഷിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം. ഇതുസംബന്ധിച്ച് സംസാരിക്കവേ പ്രിയങ്ക ഗാന്ധി എം.പി.യുടെ മൈക്ക് ഓഫ് ചെയ്തത് വലിയ പ്രതിഷേധത്തിന് വഴിവെച്ചു.

🙏 2014-15 മുതല്‍ 2023-24 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളില്‍ ഇന്ത്യന്‍ വാണിജ്യ ബാങ്കുകള്‍ 12.3 ലക്ഷം കോടി രൂപയുടെ വായ്പ എഴുതിത്തള്ളി. കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.

🇦🇽 അന്തർദേശീയം 🇦🇽

🙏 ജോര്‍ജിയയില്‍ 11 ഇന്ത്യാക്കാരടക്കം 12 പേരെ മരിച്ച നിലയില്‍ കണ്ടെത്തി. ഗുദൗരിയിലെ ഇന്ത്യന്‍ ഹോട്ടലിലെ ജീവനക്കാരാണ് മരിച്ചത്. തബ്ലിസിയിലെ ഇന്ത്യന്‍ എംബസിയാണ് ഇക്കാര്യം അറിയിച്ചത്. വിഷവാതകം ശ്വസിച്ചാണ് മരണമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

🙏 യുഎഇയിലെ ഖോര്‍ഫക്കാനിലുണ്ടായ ബസ് അപകടത്തില്‍ 9 മരണം. ബസ്സിന്റെ ബ്രേക്ക് നഷ്ടപ്പെട്ട് നിയന്ത്രണം തെറ്റിയ ബസ് മറിയുകയായിരുന്നു. രാജസ്ഥാന്‍ സ്വദേശികള്‍ ഉള്‍പ്പടെയുള്ളവരാണ് അപകടത്തില്‍പ്പെട്ടത്.

🙏ശ്രീലങ്കയുടെ മണ്ണ് ഇന്ത്യ വിരുദ്ധ നീക്കങ്ങള്‍ക്ക് ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്ന് ആവര്‍ത്തിച്ച് പ്രസിഡന്റ് അനുര കുമാര ദിസനായകെ. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ദിസനായകെയുടെ പ്രതികരണം.

🙏 സിറിയയിലെ സര്‍ക്കാരിനെ വീഴ്ത്തി വിമതര്‍ ഭരണം പിടിച്ചതിനുപിന്നാലെ വിഷയത്തില്‍ ആദ്യ പ്രതികരണവുമായി പുറത്താക്കപ്പെട്ട പ്രസിഡന്റ് ബാഷര്‍ അല്‍ അസദ്. സിറിയ വിടാന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും വിമതരോട് പോരാടാന്‍ തന്നെയായിരുന്നു തീരുമാനമെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

🙏 ഫ്രഞ്ച് അധീനതയിലുള്ള മയോട്ട ദ്വീപിനെ നിലംപരിശാക്കി 220 കിലോമീറ്റര്‍ വേഗതയില്‍ ആഞ്ഞടിച്ച ചിഡോ ചുഴലിക്കാറ്റ്. നൂറ്റാണ്ടിലെ ഏറ്റവും ഭീകരമായ ചുഴലിക്കാറ്റെന്ന് വിലയിരുത്തപ്പെടുന്ന ചിഡോ ചുഴലിക്കാറ്റില്‍ നൂറുക്കണക്കിനാളുകള്‍ മരിച്ചതായാണ് ഫ്രെഞ്ച് ആഭ്യന്തരമന്ത്രാലയത്തിന്റെ വിലയിരുത്തല്‍.

കായികം

🙏ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബ്ബ് കേരള ബ്ലാസ്റ്റേഴ്‌സ് മുഖ്യപരിശീലകസ്ഥാനത്തുനിന്ന് മിക്കേല്‍ സ്റ്റാറേയെ പുറത്താക്കി. സീസണിലെ ടീമിന്റെ ദയനീയപ്രകടനങ്ങളുടെ പശ്ചാത്തലത്തിലാണ് ക്ലബ്ബിന്റെ നടപടി. സഹപരിശീലകരെയും പുറത്താക്കിയിട്ടുണ്ട്. സാമൂഹികമാധ്യമങ്ങളിലൂടെയാണ് ക്ലബ്ബ് ഇക്കാര്യം അറിയിച്ചത്.