കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട എൽദോസിന്റെ മൃതദേഹം സംസ്കരിച്ചു,ജനകീയ പ്രതിഷേധം ശക്തം

Advertisement

കോതമംഗലം. കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട കുട്ടമ്പുഴ ക്ണാച്ചേരിയിൽ എൽദോസ് വർഗീസിന്റെ മൃതദേഹം സംസ്കരിച്ചു.
ചേലാട് കുറുമറ്റം സെമിത്തേരിയിൽ
ആയിരുന്നു സംസ്ക്കാരം. അതേസമയം തുടരുന്ന വന്യജീവി ആക്രമണത്തിലും, വനം വകുപ്പ് നിഷ്ക്രിയത്വത്തിനുമെതിരെ കോതമംഗലത്ത് ജനകീയ പ്രതിഷേധം ഇരമ്പി.

രാവിലെ കളമശ്ശേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി എൽദോസിന്റെ മൃതദേഹം ബന്ധങ്ങൾക്ക് വിട്ടുകൊടുത്തു. ഉച്ചയ്ക്ക് രണ്ടുമണിയോടെ കുട്ടമ്പുഴയിലെ വീട്ടിലെത്തിച്ച് പ്രാർത്ഥന
ശുശ്രൂഷകൾ നൽകി ഉരുളൻതണ്ണി മാർത്തോമ്മാ പള്ളിയിലേക്കു കൊണ്ടുപോയി. വൈകിട്ട് മൂന്നുമണിയോടെ ചേലാട് കുറുമറ്റം സെമിത്തേരിയിൽ എൽദോസിന്റെ മൃതദേഹം സംസ്കരിച്ചു. കുടുംബത്തിൻ്റെ ഏക ആശ്രയമായിരുന്ന എൽദോസ് മരിച്ചത് ഉറ്റവർക്ക് ഇനിയും വിശ്വസിക്കാൻ ആയിട്ടില്ല.

നേരത്തെ പുറത്തുവന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ
ആനക്കൊമ്പ് കൊണ്ട് എൽദോസിന് കുത്തേറ്റിരുന്നതായി വ്യക്തമാക്കുന്നുണ്ട്. എൽദോസിനെ ആന നിലത്തിട്ടു ചവിട്ടുകയും മരത്തിനുനേർക്കു വലിച്ചെറിയുകയും ചെയ്തതിനെ തുടർന്ന് ആന്തരിക അവയവങ്ങൾക്കു കാര്യമായ ക്ഷതം പറ്റിയിട്ടുണ്ട്. അവയവങ്ങൾ പലതും പുറത്തായിരുന്നുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.