രാജ്യാന്തര ചലച്ചിത്രമേള ആറാം ദിവസത്തിലേക്ക്

Advertisement

തിരുവനന്തപുരം. കേരള രാജ്യാന്തര ചലച്ചിത്രമേള ആറാം ദിവസത്തിലേക്ക്. ഇന്ന് ഗോൾഡൻ ഗ്ലോബലും കാനിലും തിളങ്ങിയ ഏഴു സിനിമകൾ പ്രദർശിപ്പിക്കും. മലയാളി താരങ്ങളെ കാൻ ഫിലിം ഫെസ്റ്റിവലിന്റെ വേദിയിൽ എത്തിച്ച ആൾ വി ഇമാജിൻ ആസ് ലൈറ്റും ഇന്ന് മേളയുടെ ഭാഗമാകും.

ആറാം ദിവസത്തെ പ്രധാന സിനിമകൾ ഗോൾഡൻ ഗ്ലോബ്, ക്യാൻ ചലച്ചിത്രമേള തുടങ്ങിയ വലിയ വേദികളിൽ സാന്നിധ്യമറിയിച്ചവ. മലയാളി താരങ്ങളായ ദിവ്യ പ്രഭയെയും കനി കുസൃതിയെയും കാനിൽ എത്തിച്ച ആൾ വി ഇമാജിൻ ആസ് ലൈറ്റ് ഇന്നത്തെ ശ്രദ്ധാകേന്ദ്രം. ടാഗോർ തിയേറ്ററിൽ വൈകുന്നേരം 6നാണ് സിനിമയുടെ പ്രദർശനം. ദി സബ്സ്റ്റൻസ്, അനോറ, എമിലിയ പെരസ്, ദി ഷെയിംലെസ്, കോൺക്ലേവ്, ദി സീഡ് ഓഫ് സീക്രട്ട് ഫിഗ് എന്നിവയാണ് അന്താരാഷ്ട്ര ചലച്ചിത്ര വേദികളിൽ കയ്യടി നേടി ഇന്ന് ഐ.എഫ്.എഫ്.കെ യിൽ പ്രദർശിപ്പിക്കുന്ന സിനിമകൾ. കാനിൽ മികച്ച തിരക്കഥക്കുള്ള പുരസ്കാരം നേടിയ ചിത്രമാണ് ദി സബ്സ്റ്റൻസ്. മേളയിൽ ഇതിനോടകം പ്രദർശിപ്പിച്ചപ്പോഴൊക്കെ വലിയ തിരക്ക് അനുഭവപ്പെട്ട സിനിമയാണ് അനോറ. ഇന്നും വലിയ ആൾക്കൂട്ടത്തെ പ്രതീക്ഷിക്കുന്നു. വനിതാ സംവിധായകരുടെ ചിത്രങ്ങളായ കാമദേവൻ നക്ഷത്രം കണ്ടു, വിക്ടോറിയ, അപ്പുറം, ബാൻസോ, ഇഫ് ഒൺലി ഐ കുഡ് ഹൈബർനേറ്റ് , പിയേഴ്സ്, ഷഹീദ്, ടോക്സിക് എന്നിവയും ഇന്നത്തെ മേളയിലെ പ്രധാന സിനിമകളാണ്. ഹൊറർ ചിത്രമായ ലോങ്ങ് ലഗ്സ് മിഡ്നൈറ്റ് സ്ക്രീനിങ്ങിന്റെ ഭാഗമായി അർധരാത്രി 12 മണിക്ക് നിശാഗന്ധിയിൽ പ്രദർശിപ്പിക്കും.