വാർത്താനോട്ടം

Advertisement

2024 ഡിസംബർ 18 ബുധൻ

BREAKING NEWS

👉ആലപ്പുഴയിലെ ചികിത്സാപിഴവ് ആശുപത്രിക്ക് മുന്നിൽ സമരത്തിനൊരുങ്ങി കുടുംബം

👉പുഷ്പ – 2 ൻ്റെ റിലിസിങിനിടെ മരിച്ച അമ്മയുടെ മകന് മസ്തിഷ്ക മരണം

👉തിരുവനന്തപുരം ചിറയിൻകീഴിൽ4 കോടിയുടെ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

👉തൃശൂർ പാലാപ്പിളളിയിലെ ജനവാസ മേഖലയിൽ കടുവ ഇറങ്ങി.

👉ക്രിസ്തുമസ് ചോദ്യപേപ്പർ ചോർച്ച, അന്വേഷണം ക്രൈംബ്രാഞ്ചിലേക്ക്

👉കോഴിക്കോട് നന്മണ്ടയിൽ നാല് പേരെ ആക്രമിച്ച നായ്ക്ക് പേവിഷ ബാധ

👉 പാർട്ടിയുടെ പാർലമെൻററി പാർട്ടി നേതാവ് എന്ന നിലയിൽ തോമസ് കെ തോമസിന് എപ്പോൾ വേണമെങ്കിലും ദേശീയ അധ്യക്ഷനെ കാണാമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ.

🌴കേരളീയം🌴

🙏ശബരി റെയില്‍ പദ്ധതി രണ്ട് ഘട്ടമായി വിപുലീകൃതമായ രീതിയില്‍ നടപ്പാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ഇതിന് അനുമതി ലഭ്യമാക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കും. ആദ്യഘട്ടത്തില്‍ അങ്കമാലി – എരുമേലി – നിലക്കല്‍ പാത പൂര്‍ത്തീകരിക്കും.

🙏ഗവര്‍ണ്ണറുടെ ക്രിസ്മസ് വിരുന്നില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്തില്ല. സംസ്ഥാന സര്‍ക്കാറിനെ പ്രതിനിധീകരിച്ച് രാജ്ഭവനിലെ ആഘോഷത്തില്‍ ചീഫ് സെക്രട്ടറി പങ്കെടുത്തു. സര്‍ക്കാറിന്റെ ദില്ലിയിലെ പ്രതിനിധി കെ.വി തോമസും വിരുന്നിനെത്തി. മതമേലധ്യക്ഷന്മാരും സാമുദായിക നേതാക്കളും വിരുന്നില്‍ പങ്കെടുത്തു.

🙏ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ആരോപണ വിധേയരായ എം എസ് സൊല്യൂഷന്‍സ് ഓണ്‍ലൈന്‍ ചാനല്‍ വീണ്ടും പ്രവര്‍ത്തനം തുടങ്ങി. ഇന്ന് നടക്കുന്ന എസ്എസ്എല്‍സി കെമിസ്ട്രി പരീക്ഷയിലെ സാധ്യത ചോദ്യങ്ങളുമായി സി ഇ ഒ ഷുഹൈബ് ഓണ്‍ലൈന്‍ ചാനലിന്റെ ലൈവിലെത്തി.

🙏24 ആയുഷ് ആരോഗ്യ കേന്ദ്രങ്ങളില്‍ 14.05 കോടി രൂപ ചിലവഴിച്ചുള്ള വിവിധ പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വിണാ ജോര്‍ജ് ഇന്ന് നിര്‍വ്വഹിക്കും. തിരുവനന്തപുരം കോട്ടൂര്‍ സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയില്‍ വച്ച് നടത്തുന്ന സംസ്ഥാനതല ഉദ്ഘാടനത്തില്‍ ആരോഗ്യ മന്ത്രി നേരിട്ടും ബാക്കിയുള്ള 23 ഇടങ്ങളില്‍ ഓണ്‍ലൈനായും പങ്കെടുക്കും.

🙏സെപ്റ്റംബര്‍ ആദ്യവാരം ആരംഭിച്ച സംസ്ഥാനത്തെ മുന്‍ഗണനാ റേഷന്‍ ഗുണഭോക്താക്കളുടെ ഇ – കെവൈസി അപ്ഡേഷന്‍ പുരോഗമിക്കുന്നു. മുഴുവന്‍ മുന്‍ഗണനാ കാര്‍ഡ് അംഗങ്ങളുടെയും മസ്റ്ററിംഗ് ചെയ്യുന്നതിനായി ഇ-കെവൈസി അപ്ഡേഷന്‍ സമയപരിധി 2024 ഡിസംബര്‍ 31 വരെ ദീര്‍ഘിപ്പിച്ചതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു.

🙏എന്‍.സി.പിയിലെ മന്ത്രിമാറ്റവുമായി ബന്ധപ്പെട്ട് ദേശീയ അധ്യക്ഷന്‍ ശരദ് പവാറിനെ കണ്ട് പാര്‍ട്ടിയുടെ കേരളത്തിലെ നേതാക്കളായ പി.സി.ചാക്കോയും തോമസ്.കെ.തോമസും. മന്ത്രിസ്ഥാനം സംബന്ധിച്ച ധാരണ പാലിക്കാത്തതില്‍ ഇരുവരും ശരദ് പവാറിനെ അതൃപ്തിയറിയിച്ചു.

🙏സംസ്ഥാനത്ത് റോഡ് അപകടങ്ങള്‍ കുറക്കാന്‍ കര്‍ശന നടപടികളിലേക്ക് ഗതാഗത വകുപ്പ്. സ്വകാര്യ ബസ് അപകടത്തില്‍പ്പെട്ട് ആളുകള്‍ മരിക്കുന്ന സാഹചര്യമുണ്ടായാല്‍ 6 മാസം പെര്‍മിറ്റ് റദ്ദാക്കുമെന്ന് ഗതാഗത മന്ത്രി ഗണേഷ് കുമാര്‍ അറിയിച്ചു.

🙏പിറവത്ത് പൊലീസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി. പിറവം രാമമംഗലം പൊലീസ് സ്റ്റേഷനിലെ ഡ്രൈവര്‍ സി ബിജുവിനെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉച്ചയ്ക്ക് 12 മണിയോടെ അയല്‍വാസികളാണ് ബിജുവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.

🙏 സമൂഹമാധ്യമങ്ങ
ളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയുടെ പരാതിയിന്മേല്‍ കേസെടുത്ത് പൊലീസ്. പി പി ദിവ്യ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ വനിതാ പൊലീസാണ് കേസെടുത്തത്.

🙏 ആദിവാസി സ്ത്രീയുടെ മൃതദേഹം ശ്മശാനത്തിലെത്തിക്കാന്‍ ആംബുലന്‍സ് ലഭിക്കാത്ത സംഭവത്തില്‍ പട്ടികജാതി പട്ടിക ഗോത്രവര്‍ഗ കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ആംബുലന്‍സ് ലഭിക്കാത്തതിനെ തുടര്‍ന്ന് മൃതദേഹം ശ്മശാനത്തിലേക്ക് ഓട്ടോറിക്ഷയില്‍ കയറ്റി കൊണ്ടുപോയെന്ന വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് നടപടി.

🙏 കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട കുട്ടമ്പുഴ ക്ണാച്ചേരി സ്വദേശി എല്‍ദോസിന് നാടിന്റെ യാത്രാമൊഴി. കളമശേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ക്ണാച്ചേരിയിലെ വീട്ടിലും ചേലോട് കുറുമറ്റം മര്‍ത്തോമ പള്ളിയിലും മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചു. പള്ളി സെമിത്തേരിയില്‍ ഇന്നലെ വൈകിട്ട് 4.45 ഓടെ മൃതദേഹം സംസ്‌കരിച്ചു.

🙏കോഴിക്കോട് നഴ്സിങ് വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം സ്വദേശി ലക്ഷ്മി രാധാകൃഷ്ണന്‍ ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ഗവണ്‍മെന്റ് നഴ്സിങ് കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് മരിച്ച ലക്ഷ്മി.

🙏കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ നിന്ന് നിര്‍മാതാവ് സാന്ദ്രാ തോമസിനെ പുറത്താക്കിയ നടപടിക്ക് താത്കാലിക സ്റ്റേ. എറണാകുളം സബ് കോടതിയാണ് സ്റ്റേ നല്‍കിയത്.

🙏ഓര്‍ത്തോഡോക്‌സ് യാക്കോബായ തര്‍ക്കത്തില്‍ സുപ്രധാന നിര്‍ദേശവുമായി സുപ്രീം കോടതി. തര്‍ക്കത്തിലുള്ള എറണാകുളം, പാലക്കാട് ജില്ലകളിലായുള്ള ആറ് പള്ളികളുടെ കൈമാറ്റത്തില്‍ തല്‍സ്ഥിതി തുടരാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു. കേരളത്തില്‍ ഓര്‍ത്തോഡോക്‌സ്, യാക്കോബായ വിഭാഗത്തില്‍പ്പെട്ട എത്ര പേരുണ്ടെന്ന് അറിയിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു.

🇳🇪 ദേശീയം 🇳🇪

🙏 പ്രതിപക്ഷ പ്രതിഷേധത്തിനിടെ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്‍ വോട്ടിംഗിലൂടെ സര്‍ക്കാര്‍ സഭയില്‍ അവതരിപ്പിച്ചു. പ്രതിപക്ഷ ആവശ്യം പരിഗണിച്ച് ബില്ല് സംയുക്ത പാര്‍ലമെന്ററി സമിതിക്ക് വിടും. മൂന്നാം മോദി സര്‍ക്കാരിലെ ആദ്യ വോട്ടെടുപ്പിനാണ് ഇന്നലെ പാര്‍ലമെന്റ് സാക്ഷ്യം വഹിച്ചത്.

🙏 ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് ഭരണഘടനാ ഭേദഗതി ബില്ലുകള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ സര്‍ക്കാരിന് ആവശ്യമായ ഭൂരിപക്ഷമില്ലെന്ന് കോണ്‍ഗ്രസ് എംപിമാര്‍. ബില്ലുകള്‍ അവതരിപ്പിക്കുന്നതിനുള്ള പ്രമേയം നിയമമന്ത്രി അവതരിപ്പിച്ചപ്പോള്‍ പ്രതിപക്ഷം ഡിവിഷന്‍ വോട്ട് ആവശ്യപ്പെട്ടിരുന്നു. ഇതില്‍ 269 പേര്‍ അനുകൂലിച്ച് വോട്ട് ചെയ്തപ്പോള്‍ 198 പേര്‍ എതിര്‍ത്തു.

🙏 ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ ബില്‍ സഭയില്‍ അവതരിപ്പിക്കുന്നതിന്മേല്‍ നടന്ന വോട്ടെടുപ്പില്‍ പങ്കെടുക്കാത്ത പാര്‍ട്ടി അംഗങ്ങള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്കുമെന്ന് ബിജെപി വൃത്തങ്ങള്‍. ബില്ല് അവതരണത്തിന്റെ വോട്ടെടുപ്പില്‍ 269 വോട്ടുകളാണ് ഭരണപക്ഷത്തിന് കിട്ടിയത്. എന്‍ഡിഎയ്ക്ക് 293 സീറ്റുകള്‍ ഉണ്ടെന്നിരിക്കെ 20 ബിജെപി എംപിമാരെങ്കിലും വോട്ടെടുപ്പിനെത്തിയില്ലെന്നാണ് പാര്‍ട്ടി കണ്ടെത്തിയത്.

🙏 ഭരണഘടനാ ചര്‍ച്ചയില്‍ പ്രതിപക്ഷത്തെ കടന്നാക്രമിച്ച് കേന്ദ്രമന്ത്രി അമിത് ഷാ. രാഹുല്‍ ഗാന്ധി ഭരണഘടനയെ ചൂണ്ടിക്കാട്ടി ഭയപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും രാഹുലിന്റെ കൈയ്യിലെ ഭരണഘടന ശൂന്യമെന്നും അദ്ദേഹം പറഞ്ഞു.

🙏 പ്രിയങ്ക ഗാന്ധി പലസ്തീന്‍ അനുകൂല ബാഗ് ധരിച്ചതിനെ പരിഹസിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്ത്. ഉത്തര്‍ പ്രദേശ് യുവാക്കളെ ഇസ്രയേലിലേക്ക് ജോലിക്കയക്കുമ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഇവിടെ ബാഗ് ധരിച്ചു നടക്കുകയാണെന്നാണ് യോഗി പരിഹസിച്ചത്.

🇦🇺 അന്തർദേശീയം 🇦🇴

🙏 മൂന്ന് വര്‍ഷം മുന്‍പ് ഇറാഖ് സന്ദര്‍ശനത്തിനിടെ തന്നെ വധിക്കാന്‍ ശ്രമമുണ്ടായെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വെളിപ്പെടുത്തല്‍. ഉടന്‍ പ്രസിദ്ധീകരിക്കുന്ന ആത്മകഥയിലാണ് മാര്‍പാപ്പയുടെ വെളിപ്പെടുത്തല്‍. 2021 മാര്‍ച്ചില്‍ മൊസൂള്‍ സന്ദര്‍ശിക്കുന്നതിനിടെ ഒരു വനിതാ ചാവേറും സ്ഫോടകവസ്തുക്കള്‍ നിറച്ച ട്രക്കും ആക്രമണത്തിന് നീങ്ങുന്നതായി ബ്രിട്ടിഷ് ഇന്റലിജന്‍സ് വിവരം നല്‍കിയെന്നും ഇറാഖി പൊലീസ് തടഞ്ഞതിനെത്തുടര്‍ന്ന് അവ ലക്ഷ്യത്തിലെത്തും മുന്‍പ് പൊട്ടിത്തെറിച്ചെന്നും മാര്‍പാപ്പ ആത്മകഥയില്‍ വെളിപ്പെടുത്തുന്നു.

🙏 റഷ്യന്‍ ആണവ സംരക്ഷണ സേനയുടെ തലവന്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടു. റഷ്യയുടെ ന്യൂക്ലിയര്‍, ബയോളജിക്കല്‍, കെമിക്കല്‍ പ്രൊട്ടക്ഷന്‍ ട്രൂപ്പുകളുടെ തലവനായ ലെഫ്റ്റനന്റ് ജനറല്‍ ഇഗോര്‍ കിറില്ലോവ് ആണ് കൊല്ലപ്പെട്ടത്. മോസ്‌കോയില്‍ സ്‌കൂട്ടറില്‍ ഒളിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ചാണ് മരണം.

🏏 കായികം

🙏 വെസ്റ്റ് ഇന്‍ഡീസ് വനിതകള്‍ക്കെതിരായ രണ്ടാം ടി20യില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് ഒമ്പത് വിക്കറ്റിന്റെ തോല്‍വി. ഇന്ത്യ ഉയര്‍ത്തിയ 160 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനെത്തിയ വിന്‍ഡീസ് 15.3 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.

🙏ബ്രസീലിന്റെ യുവ സ്ട്രൈക്കറും റയല്‍ മഡ്രിഡ് താരവുമായ വിനീസ്യൂസ് ജൂനിയറിനെ ഫിഫ ദ് ബെസ്റ്റ് പുരുഷ താരമായി തിരഞ്ഞെടുത്തു. മികച്ച വനിതാ താരമായി ബാര്‍സിലോനയുടെ സ്പാനിഷ് താരം അയ്റ്റാന ബോണ്‍മാറ്റി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച പുരുഷ ഗോള്‍ കീപ്പര്‍ക്കുള്ള പുരസ്‌കാരം അര്‍ജന്റീനയുടെ എമിലിയാനോ മാര്‍ട്ടിനസന് ലഭിച്ചു.

👉ബ്രസീല്‍ ഫുട്‌ബോള്‍ ഇതിഹാസം റൊണാള്‍ഡോ രാജ്യത്തെ ഫുട്‌ബോള്‍ ഫെഡറേഷന്‍ തലപ്പത്തേക്കെത്തുന്നു. ബ്രസീല്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ (സിബിഎഫ്) പ്രസിഡന്റ് സ്ഥാനാര്‍ഥിത്വം 48-കാരനായ റൊണാള്‍ഡോ തിങ്കളാഴ്ച പ്രഖ്യാപിച്ചു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here