എംഎം ലോറൻസിന്റെ മൃതദേഹം ,തീരുമാനമായി

Advertisement

കൊച്ചി.സിപിഎം നേതാവ് എം.എം. ലോറൻസിന്റെ മൃതദേഹം മെഡിക്കൽ പഠനത്തിന് തന്നെ വിട്ട് നൽകും. മൃതദേഹം മതാചാരപ്രകാരം സംസ്കരിക്കാൻ വിട്ടുനൽകണമെന്ന പെൺമക്കളുടെ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. വിഷയം മധ്യസ്ഥ ചർച്ചയിൽ തീരുമാനമാകാത്തതിനെ തുടർന്നാണ് ഹൈക്കോടതി വിധി പറഞ്ഞത്.

ഒടുവിൽ എം എം ലോറൻസിന്റെ മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിന് വൈദ്യ പഠനത്തിനായി വിട്ടു നൽകാൻ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചും ഉത്തരവിട്ടു. മധ്യസ്ഥ ചർച്ചയിലും പ്രശ്നപരിഹാരം ആകാതിരുന്നതിനെത്തുടർന്നാണ് കോടതി നടപടി. വിഷയത്തിൽ ശാശ്വത പരിഹാരം വേണമെന്ന് ഉത്തരവിട്ടുകൊണ്ട് ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. മൃതദേഹം കളമശേരി മെഡിക്കൽ കോളജിലെ വൈദ്യ പഠനത്തിന് വിട്ട് നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ മക്കളായ ആശാലോറൻസും സാജതയുമാണ് കോടതിയെ സമീപിച്ചത്. കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ട വിവാഹ, ജനന, മരണ ചടങ്ങുകളെല്ലാം പള്ളികളിലാണ് നടന്നതെന്നും അസുഖ ബാധിതനായി കിടന്ന സമയത്ത് ലോറൻസ് പ്രാർഥന സ്വീകരിച്ചിട്ടുണ്ടെന്നും അപ്പീലിൽ ചൂണ്ടിക്കാട്ടി. ഹർജി പരിഗണിച്ച ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് എസ്. മനു എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് മുതിർന്ന അഭിഭാഷകനെ മധ്യസ്ഥനായി നിയമിച്ചെങ്കിലും ചർച്ച പരാജയപ്പെട്ടതായി അഭിഭാഷകൻ അറിയിക്കുകയായിരുന്നു. സെപ്തംബർ 21നാണ് എം എം ലോറൻസ് മരണപ്പെട്ടത്. സിംഗിൾബെഞ്ച് ഉത്തരവിനെ തുടർന്ന് മൃതദേഹം കൊച്ചി മെഡിക്കൽ കോളജിൽ എംബാം ചെയ്തു സൂക്ഷിച്ചിരിക്കുകയാണ്.