കോഴിക്കോട്. ക്രിസ്മസ് പരീക്ഷയുടെ ഇന്നത്തെ ചോദ്യപേപ്പറും ചോർന്നെന്ന് സംശയം. നാൽപ്പതിൽ 32 മാർക്കും എം എസ് സൊലൂഷൻസിന്റെ ക്ലാസ്സിൽ നിന്നുള്ളതെന്ന് അധ്യാപകർ. ചോദ്യപേപ്പർ ചോർച്ചയിൽ കോഴിക്കോട് ഡിഡിഇയുടെ മൊഴി ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തി.
ഇന്ന് നടന്ന പത്താം ക്ലാസ് കെമിസ്ട്രി പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്നാണ് സംശയം. നാൽപ്പതിൽ 32 മാർക്കിന്റെ ചോദ്യങ്ങളും എംഎസ് സൊല്യൂഷൻസ് പ്രെഡിക്റ്റ് ചെയ്തതാണെന്ന് അധ്യാപകർ പറയുന്നു. ചോദ്യപേപ്പർ ചോർച്ചയിൽ അന്വേഷണം നേരിടുന്ന സ്ഥാപനമാണ് കൊടുവള്ളി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന എം എസ് സൊല്യൂഷൻസ് എന്ന യൂട്യൂബ് ചാനൽ. ഈ സ്ഥാപനത്തിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ആണ് ചോദ്യങ്ങൾ വന്നത്. സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നൽകുമെന്ന് കെഎസ്‌യു ജില്ലാ പ്രസിഡണ്ട് വി.ടി സൂരജ്.
ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട വിവാദത്തിന്റെ പശ്ചാത്തലത്തിൽ നിർത്തിവച്ചിരുന്ന യൂട്യൂബ് ചാനൽ ഇന്നലെ രാത്രിയിൽ പ്രവർത്തനം ആരംഭിച്ചിരുന്നു. സിഇ ശുഹൈബ് ആണ് കെമിസ്ട്രി ക്ലാസ് എടുത്തിരുന്നത്. ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കോഴിക്കോട് ഉപ വിദ്യാഭ്യാസ ഡയറക്ടർ സി മനോജ് കുമാറിന്റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. എം എസ് സൊല്യൂഷൻസിന് ചോദ്യപേപ്പർ ചോർച്ചയിൽ പങ്കുണ്ടോ എന്നറിയില്ലെന്നും വിശദമായ അന്വേഷണം വേണമെന്നും DDE മൊഴി നൽകിയിട്ടുണ്ട്. വിഷയത്തിൽ വിദ്യാഭ്യാസ വകുപ്പിന്റെ അന്വേഷണവും നടക്കുന്നുണ്ട്.