കണ്ണൂരില്‍ ഒരാള്‍ക്ക് കൂടി എംപോക്‌സ് സ്ഥിരീകരിച്ചു

Advertisement

കണ്ണൂര്‍: കണ്ണൂരില്‍ ഒരാള്‍ക്ക് കൂടി എംപോക്‌സ് സ്ഥിരീകരിച്ചു. പരിയാരത്ത് ചികിത്സയിലുള്ള തലശേരി സ്വദേശിയായ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാളുടെയും കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച വയനാട് സ്വദേശിയുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
ദുബായില്‍ നിന്ന് രണ്ടുദിവസം മുന്‍പാണ് തലശേരി സ്വദേശി നാട്ടില്‍ എത്തിയത്. കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ യുവാവ് രോഗലക്ഷണങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. പനിയും ദേഹത്ത് കുമിളകള്‍ പ്രത്യക്ഷപ്പെടലും അടക്കമുള്ള ലക്ഷണങ്ങളെ തുടര്‍ന്നാണ് സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചത്.
ഇന്ന് പരിശോധനാഫലം വന്നപ്പോഴാണ് യുവാവിന് എംപോക്‌സ് സ്ഥിരീകരിച്ചത്. പരിയാരത്ത് തന്നെ ചികിത്സയില്‍ കഴിയുന്ന വയനാട് സ്വദേശിക്ക് കഴിഞ്ഞദിവസമാണ് എംപോക്‌സ് സ്ഥിരീകരിച്ചത്. അബുദാബിയില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ വയനാട് സ്വദേശിയെയും രോഗലക്ഷണങ്ങളെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന മറ്റു രണ്ടുപേര്‍ നിരീക്ഷണത്തിലാണ്.