തിരുവനന്തപുരം. കേരള സർവകലാശാലായുടെ കാര്യവട്ടം ക്യാമ്പസിലെ വേദാന്ത പഠനകേന്ദ്രം അടിച്ചുതകർത്ത ക്രിമിനലുകൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സിൻഡിക്കേറ്റംഗങ്ങളായ ഡോ. വിനോദ് കുമാർ ടി ജി നായർ,
,പി എസ് ഗോപകുമാർ എന്നിവര്‍ ആവശ്യപ്പെട്ടു. കേരള സർവകലാശാലാ സംസ്കൃത വിഭാഗം സെനറ്റ് ഹാളിൽ സംഘടിപ്പിച്ച ത്രിദിന അന്താരാഷ്ട്ര സെമിനാറിൻ്റെ ഉദ്ഘാടനത്തിന്, സംസ്ഥാന സർവകലാശാലകളുടെ ചാൻസലർ കൂടിയായ കേരള ഗവർണ്ണറെ ക്ഷണിച്ചതിലുള്ള വിരോധമാണ് പ്രധാനമായും അക്രമികളെ ഇതിന് പ്രേരിപ്പിച്ചതെന്ന് കരുതുന്നു. ചാൻസലറുടെ സന്ദർശനവുമായി ബന്ധപ്പെട്ട് എസ് എഫ് ഐ പ്രവർത്തകർ ഉദ്ഘാടന വേദിയിലേക്ക് പാഞ്ഞടുക്കുകയും ഗവർണ്ണർക്കെതിരെ ആക്രോശം മുഴക്കുകയും ചെയ്തിരുന്നു. ഗവർണ്ണറുടെ പരിപാടിക്കിടയിൽ സംഭവിച്ച സുരക്ഷാവീഴ്ചയുമായി ബന്ധപ്പെട്ട് നാമമാത്രമായ നടപടികളാണ് പോലീസ് സ്വീകരിച്ചിട്ടുള്ളതെന്നതും ശ്രദ്ധേയമാണ്. ഇതിൻ്റെ തുടർച്ചയായാണ് വേദാന്ത സ്റ്റഡീ സെൻ്ററിന് നേർക്ക് ആക്രമണമുണ്ടായത് എന്ന് വേണം കരുതാൻ.
ഗവർണ്ണറുടെ സന്ദർശനത്തിന് ആധാരമായ സെമിനാറിൻ്റെ മുഖ്യ സംഘാടകയായ സംസ്കൃത വിഭാഗം മേധാവിയായ അധ്യാപിക തന്നെയാണ് വേദാന്ത പഠനകേന്ദ്രത്തിൻ്റെ ഡയറക്‌ടറും. മുമ്പ് പാലക്കാട്ട് വിക്ടോറിയാ കോളജിലും എറണാകുളത്ത് മഹാരാജാസ് കോളജിലും കാസർകോട്ടും കൊയിലാണ്ടി ഗുരുദേവാ കോളജിലും അധ്യാപകർക്ക് നേരേ നടന്ന അക്രമ പരമ്പരകളുടെ ഒടുവിലത്തേതാണ് വേദാന്ത പoന കേന്ദ്രത്തിന് നേരേയുണ്ടായത്. സർവകലാശാലയുടെ ജംഗമ വസ്തുക്കൾ നശിപ്പിച്ച ക്രിമിനലുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതോടൊപ്പം സർവകലാശാലയ്ക്ക് ഉണ്ടായ നഷ്ടം അക്രമികളിൽ നിന്ന് ഈടാക്കാനുള്ള നടപടികൾ കൂടി അടിയന്തിരമായി സ്വീകരിക്കമെന്നും ഇവര്‍ ആവശ്യപ്പെട്ടു.