കണ്ണൂര്‍.എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ പി പി ദിവ്യക്ക് ജാമ്യ വ്യവസ്ഥകളിൽ ഇളവ്. ജില്ല വിട്ടുപോകുന്നതിനും, കണ്ണൂർ ജില്ലാ പഞ്ചായത്ത് യോഗത്തിൽ പങ്കെടുക്കുന്നതിനും തടസ്സമില്ല. അതേസമയം നവീൻ ബാബുവിന്റേത് കൊലപാതകമെന്ന കുടുംബത്തിൻ്റെ ആരോപണത്തിലൂടെ പി പി ദിവ്യ കുറ്റവിമുക്തയാവുകയാണെന്ന് സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ.
പിപി ദിവ്യക്ക് കഴിഞ്ഞ നവംബർ എട്ടിന് തലശ്ശേരി സെഷൻസ് കോടതി ജാമ്യം അനുവദിച്ചത് ഉപാധികളോടെ. എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം, കണ്ണൂർ ജില്ല വിട്ടു പോകരുത്, സാക്ഷികളെ സ്വാധീനിക്കരുത് തുടങ്ങിയവയായിരുന്നു വ്യവസ്ഥകൾ. ഇളവ് തേടിയുള്ള ദിവ്യയുടെ അപേക്ഷയിലാണ് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ അനുകൂല ഉത്തരവ്. ജില്ല വിട്ടുപോകുന്നതിന് ഇനി തടസ്സമില്ല, അന്വേഷണസംഘം ആവശ്യപ്പെടുമ്പോൾ മാത്രം ഹാജരായാൽ മതി. സാക്ഷികളെ സ്വാധീനിക്കരുതെന്ന വ്യവസ്ഥയുള്ളതിനാൽ ജില്ലാ പഞ്ചായത്ത് യോഗങ്ങളിലും ദിവ്യ പങ്കെടുത്തിരുന്നില്ല. ഇക്കാര്യത്തിലും തടസം നീങ്ങി. 11 ദിവസം പള്ളിക്കുന്ന് വനിതാ ജയിലിൽ കഴിഞ്ഞശേഷമാണ് ദിവ്യയ്ക്ക് ജാമ്യം ലഭിച്ചത്. കേസിൽ സിബിഐ അന്വേഷണ ആവശ്യത്തെ എതിർക്കുന്ന സിപിഐഎം പുതിയ ന്യായവാദവും മുന്നോട്ടുവയ്ക്കുന്നു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നവീൻ ബാബുവിന്റെ ഭാര്യ നൽകിയ ഹർജിയിൽ കൊലപാതക സംശയം ഉന്നയിച്ചിരുന്നു. ഈ വാദം പി പി ദിവ്യക്കെതിരായ ആത്മഹത്യാ പ്രേരണ കുറ്റം ഇല്ലാതാക്കുന്നതായി സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ.
കേസിൽ തെളിവുകൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നവീൻ ബാബുവിന്റെ കുടുംബം നൽകിയ ഹർജിയിൽ കണ്ണൂർ മജിസ്ട്രേറ്റ് കോടതി ഈ മാസം 21ന് വിധി പറയും.