ഒന്നിച്ചു കണ്ട സ്വപ്നങ്ങളും ആഗ്രഹങ്ങളും ബാക്കി; അവർ ഇന്ന് ഒരുമിച്ച് വിടപറയും

Advertisement

കോന്നി: അവർ ഇന്ന് നാടിനോടും വീടിനോടും അവസാനമായി യാത്ര പറയും. ഒന്നിച്ചു കണ്ട സ്വപ്നങ്ങളും ആഗ്രഹങ്ങളും ബാക്കിയാക്കി നിഖിലും അനുവും മറ്റൊരു ലോകത്തേക്കു ഒന്നിച്ചു തന്നെ യാത്രയാകുന്നു, ഒപ്പം ഇരുവരുടെയും പിതാക്കന്മാരും. കഴിഞ്ഞ ഞായറാഴ്ച മുറിഞ്ഞകല്ലിലുണ്ടായ വാഹനാപകടത്തിലാണു മല്ലശേരി പുത്തേതുണ്ടിയിൽ മത്തായി ഈപ്പൻ (65), മകൻ നിഖിൽ ഈപ്പൻ (30), ഭാര്യ മല്ലശേരി പുത്തൻവിള കിഴക്കേതിൽ അനു ബിജു (26), അനുവിന്റെ പിതാവ് ബിജു പി.ജോർജ് (51) എന്നിവർ മരിച്ചത്.

നാലു പേരുടെയും സംസ്കാരം ഇന്ന് (19) ഒരുമിച്ച് പൂങ്കാവ് സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളിയിൽ നടത്തും. മോർച്ചറിയിൽ നിന്ന് വീട്ടിലേക്കു കൊണ്ടുപോകുന്ന മൃതദേഹങ്ങൾ രാവിലെ എട്ടോടെ പള്ളിയിൽ എത്തിക്കും. 12 വരെയുള്ള പൊതുദർശനത്തിനുശേഷം സംസ്കാര ചടങ്ങുകൾ ആരംഭിക്കും. ശുശ്രൂഷകൾക്ക് സാമുവൽ മാർ ഐറേനിയസ് മുഖ്യകാർമികത്വം വഹിക്കും.

മധുവിധു ആഘോഷിച്ച് മലേഷ്യയിൽ നിന്ന് തിരികെയെത്തുന്ന നിഖിലിനെയും അനുവിനെയും വിമാനത്താവളത്തിൽനിന്ന് കൂട്ടിക്കൊണ്ടു വരുന്ന വഴി മുറിഞ്ഞകല്ലിൽ വച്ച് ഇവർ സഞ്ചരിച്ച കാർ ശബരിമല തീർഥാടകർ സഞ്ചരിച്ച മിനി ബസിൽ ഇടിച്ച് അപകടമുണ്ടായത്. എട്ട് വർഷത്തെ പ്രണയത്തിനു ശേഷം കഴിഞ്ഞ നവംബർ 30നാണ് ‌‌നിഖിലിന്റെയും അനുവിന്റെയും വിവാഹം നടന്നത്. വെറും 15 ദിവസം മാത്രമാണ് ഇരുവരും ഒന്നിച്ചു ജീവിച്ചത്. നിഖിലിന്റെ കൂടെ അടുത്ത മാസം കാനഡയിലേക്കു പോകാനുള്ള ഒരുക്കത്തിലായിരുന്നു അനു. വിവാഹത്തിന്റെയും ഇടവക പെരുന്നാളിന്റെയും സന്തോഷം മാറും മുൻപാണ് കുടുംബത്തിലെ നാല് മരണങ്ങളുടെ ദുഃഖ വാർത്തയെത്തിയത്.