കോട്ടയത്തെ ഇല്ലാത്ത ‘വെർച്വൽ അറസ്റ്റ്’, വാട്സ് ആപ്പിന് പൊലീസിന്റെ കത്ത്; തട്ടിപ്പ് കോൾ വിശദാംശങ്ങൾ തേടി

Advertisement

കോട്ടയം : ചങ്ങനാശ്ശേരിയിലെ ഇല്ലാത്ത ‘വെർച്വൽ അറസ്റ്റിൽ’ കുടുങ്ങിയ ഡോക്ടറിന്റെ കേസിൽ വാട്സ് ആപ്പിന് പൊലീസ് കത്ത് നൽകി. വാട്സ് ആപ്പ് കോളിന്റെ വിശദാംശങ്ങൾ ആവശ്യപ്പെട്ടാണ് കോട്ടയം എസ് പി കത്ത് നൽകിയത്. കംപോഡിയയിൽ നിന്നാണ് തട്ടിപ്പ് കോളെത്തിയതെന്നാണ് സൈബർ ഡിവിഷന്റെ പ്രാഥമിക നിഗമനം. തട്ടിപ്പുകാരുടെ ബാങ്ക് വിവരങ്ങൾ അടക്കം കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി.

പെരുന്ന സ്വദേശിയായ ഡോക്ടർ പോസ്റ്റൽ സർവീസ് വഴി അയച്ച പാഴ്സലിൽ നിരോധിത വസ്തുക്കൾ കണ്ടെത്തിയെന്ന് പറഞ്ഞ് തിങ്കളാഴ്ചയാണ് തട്ടിപ്പ് സംഘം ആദ്യം വിളിക്കുന്നത്. മുംബൈ പൊലീസ് എന്ന് സ്വയം പരിചയപ്പെടുത്തിയ സംഘം സുപ്രീം കോടതിയിലെയും പോസ്റ്റൽ സർവീസിലെയും ചില വ്യാജ രേഖകളും ഡോക്ടർക്ക് വാട്സ്ആപ്പ് വഴി അയച്ചു കൊടുത്തു. വീഡിയോ കോൾ വിളിച്ച് ഡോക്ടർ അറസ്റ്റിലാണെന്ന് തെറ്റിദ്ധരിപ്പിച്ചു. നടപടികൾ ഒഴിവാക്കാൻ അഞ്ച് ലക്ഷം രൂപ നൽകണമെന്നായിരുന്നു ആവശ്യം.

പക്ഷെ ബാങ്കിലെ സർവീസ് മാനേജർ മീന ബാബുവിന് സംശയം തോന്നി. സൈബർ തട്ടിപ്പ് തന്നെയെന്ന് ഉറപ്പിച്ചായിരുന്നു സർവീസ് മാനേജറുടെ തുടർ നീക്കം. തിരുവന്തപുരത്ത് നിന്ന് വിവരം ലഭിച്ചതിന് പിന്നാലെ അതിവേഗത്തിൽ പൊലീസ് നടത്തിയ നീക്കമാണ് ഫലം കണ്ടത്. തട്ടിപ്പാണെന്ന് ഉറപ്പിച്ചതോടെ ബാങ്ക് പണമിടപാട് മരവിപ്പിച്ചു. അഞ്ച് ലക്ഷം രൂപയിൽ4,35,000 രൂപയും മരവിപ്പിക്കാൻ കഴിഞ്ഞു.