മുംബൈ: മുംബൈ ബോട്ട് അപകടത്തിൽ മലയാളി ദമ്പതികളെ കാണാതായെന്ന് സംശയം. അപകടത്തിൻ നിന്ന് രക്ഷപ്പെട്ട് ചികിത്സയിൽ കഴിയുന്ന മലയാളിയായ ആറ് വയസുകാരൻ തന്റെ മാതാപിതാക്കളെ കാണാനില്ലെന്ന് അറിയിച്ചതോടെയാണ് മലയാളി കുടുംബവും അപകടത്തിൽപ്പെട്ടുവെന്ന സംശയം ബലപ്പെട്ടത്.
യാത്രയിൽ മാതാപിതാക്കൾ ഒപ്പം ഉണ്ടായിരുന്നെന്ന് കുട്ടി പൊലീസിനോട് പറഞ്ഞു. ഉറാനിലെ ജെഎൻപിടി ആശുപത്രിയിലാണ് നിലവിൽ കുട്ടി ചികിത്സയിലുള്ളത്. മറ്റ് ആശുപത്രികളിൽ കുട്ടിയുടെ രക്ഷിതാക്കളുണ്ടോ എന്ന് പരിശോധിക്കുകയാണ്.
മുംബൈ ബോട്ട് അപകടത്തിൽ ഇതുവരെ 13 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. കാണാതായവർക്കായി തെരച്ചിൽ തുടരുകയാണ്. ചികിൽസയിലുള്ള നാല് പേരുടെ നില ഗുരുതരമാണ്. നാവിക സേനയുടെ സ്പീഡ് ബോട്ട് യാത്രാ ബോട്ടിലിടിച്ചാണ് ദാരുണമായ അപകടം ഉണ്ടായത്. മരിച്ചവരിൽ 3 നാവിക സേന ഉദ്യോഗസ്ഥരും ഉൾപ്പെടും. 101 പേരെ രക്ഷപ്പെടുത്തി.ഇനിയും കാണാതായവരുണ്ടെന്ന സംശയം ബലപ്പെടുന്ന വിവരങ്ങളാണ് ചികിത്സയിൽ കഴിയുന്നവരിൽ നിന്നും ലഭിക്കുന്നത്. ഇന്നലെ വൈകീട്ട് ഗേറ്റ് വേ ഓഫ് ഇന്ത്യയ്ക്ക് സമീപത്ത് വെച്ചാണ് മുംബൈയെ നടുക്കിയ ദുരന്തമുണ്ടായത്. വിനോദസഞ്ചാര കേന്ദ്രമായ എലിഫൻറ് കേവ് ദ്വീപിലേക്ക് പോയ നീൽകമൽ എന്ന ബോട്ടിലേക്ക് നേവിയുടെ സ്പീഡ് ബോട്ട് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ യാത്രാബോട്ട് തലകീഴായി മറിഞ്ഞു. ബോട്ട് പൂർണമായും മുങ്ങി. യാത്ര ബോട്ടിൽ എത്ര പേരുണ്ടായിരുന്നുവെന്ന് വ്യക്തമല്ല.