ഗതാഗത നിയമലംഘനങ്ങൾ നിയന്ത്രിക്കാൻ എൻഫോഴ്സ്മെൻറ് സംവിധാനങ്ങൾക്ക്പരിമിതി

Advertisement

തിരുവനന്തപുരം.സംസ്ഥാനത്തെ ഗതാഗത നിയമലംഘനങ്ങൾ നിയന്ത്രിക്കാൻ എൻഫോഴ്സ്മെൻറ് സംവിധാനങ്ങൾക്ക്
പരിമിതി ഉണ്ടെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സംഘടന. 24 മണിക്കൂറും റോഡിൽ ജോലി ചെയ്യേണ്ട സേഫ് കേരള പദ്ധതിയിൽ ഉള്ളത് മൂന്നിലൊന്ന് ഉദ്യോഗസ്ഥർ മാത്രമാണ്. ഡീസൽ അടിക്കാൻ പോലും ഫണ്ടില്ലെന്നും പരിശോധന കുറയാൻ കാരണം ഇതാണെന്നും കുറിപ്പിൽ പറയുന്നു. അതേസമയം പൊലീസിൻറെയും മോട്ടോർ വാഹന വകുപ്പിൻറെ സംയുക്ത പരിശോധന തുടരുകയാണ്.

കേരളത്തിൽ തുടർച്ചയായി വാഹനപകടങ്ങൾ ഉണ്ടായപ്പോൾ ഏറ്റവും കൂടുതൽ പഴി കേട്ടത് മോട്ടോർ വാഹന വകുപ്പാണ്. പരിശോധനയും എൻഫോഴ്സമെൻറും കുറഞ്ഞതാണ് അപകടങ്ങൾക്ക് ഇടയാക്കിയതെന്നായിരുന്നു ആക്ഷേപം. ഇതോടെയാണ് എൻഫോഴ്സ്മെൻറ് ശക്തമാക്കാൻ സാധിക്കാത്തതിൻറെ കാരണങ്ങൾ നിരത്തി ഉദ്യോഗസ്ഥരുടെ സംഘടന കുറിപ്പ് ഇറക്കിയത്. 24 മണിക്കൂറും റോഡിൽ പരിശോധന നടത്താൻ ഉദ്ദേശിച്ച് 2018ൽ തുടങ്ങിയ സേഫ് കേരള പദ്ധതിയിൽ ഉള്ളത് മൂന്നിലൊന്നു ഉദ്യോഗസ്ഥർ മാത്രം. മതിയായ വാഹനങ്ങളില്ല. ഉള്ളവ കൂടുതലും വൈദ്യുത കാറുകൾ. ഇത് ചാർജ് ചെയ്യാൻ മാത്രം പത്ത് മണിക്കൂറോളം എടുക്കും. ഡീസൽ അടിക്കാൻ ഫണ്ടില്ലാത്തതും പരിശോധനകൾക്ക് തടസമാണ്. എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ തന്നെ വാഹനമോടിക്കേണ്ട ഗതികേടുണ്ട്.
ചെല്ലാൻ പ്രിന്റിങ്ങിനും ഡെസ്പാച്ചിങ്ങിനും ആളില്ല . കോടതി നടപടികൾക്ക് മറ്റു വകുപ്പുകളിലേത് പോലെയുള്ള സംവിധാനമില്ല. AI ചെല്ലാനുകൾ കുന്നുകൂടുന്നതും കാര്യക്ഷമതയെ ബാധിക്കുന്നു. ഇവയാണ് നിരത്തിലെ പരിശോധന കുറയാൻ കാരണമെന്നും ഉദ്യോഗസ്ഥർ പറയുന്നു. മിനിസ്റ്റീരിയൽ സ്റ്റാഫുകളെയും ഡ്രൈവർമാരെയും നിയമിച്ചാൽ മാത്രമേ പ്രശ്നത്തിന് താൽക്കാലിക പരിഹാരം ഉണ്ടാകുയെന്നും ഉദ്യോഗസ്ഥർ പറയുന്നു. എഴുന്നൂറ് പേരുടെ കുറവ് ഉണ്ടെന്ന് ചൂണ്ടിക്കാട്ടി നേരത്തെ ട്രാൻസ്പോർട്ട് കമ്മീഷണർ ഗതാഗത വകുപ്പിന് നൽകിയ ശുപാർശ ധനവകുപ്പിൻറെ ടേബിളിലാണ്. സാമ്പത്തിക പ്രതിസന്ധിയാണ് പുതിയ നിയമനം നടത്തുന്നതിൽ നിന്ന് സർക്കാരിനെ പിന്നോട്ട് വലിക്കുന്നത്. അതേസമയം നിയമലംഘനങ്ങൾ കണ്ടെത്താൻ മോട്ടോർ വാഹന വകുപ്പും പൊലീസും സംയുക്തമായി നടത്തുന്ന പരിശോധന സംസ്ഥാനത്ത് തുടരുകയാണ്.