കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരശീല വീഴും

Advertisement

തിരുവനന്തപുരം. 29 ആമത് കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരശീല വീഴും. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന സമാപന സമ്മേളനത്തിൽ സ്പിരിറ്റ് ഓഫ് ദി സിനിമ അവാർഡ് സംവിധായിക പായൽ കപാഡിയക്ക് സമ്മാനിക്കും. വലിയ വിവാദങ്ങൾ ഒന്നും ഉണ്ടാകാതെയാണ് ഇത്തവണ ചലച്ചിത്രമേള പൂർത്തിയായതെന്നും പ്രത്യേകതയാണ്.

തലസ്ഥാനനഗരിയിൽ കഴിഞ്ഞ 8 ദിവസം നീണ്ടുനിന്ന സിനിമയുടെ ഉത്സവത്തിന് ഇന്ന് സമാപനം. മുൻവർഷങ്ങളെ അപേക്ഷിച്ച് പരാതികൾ കുറവായിരുന്ന ചലച്ചിത്ര മേള എന്നതാണ് ഇത്തവണത്തെ പ്രത്യേകത. വിഖ്യാത സംവിധായിക ആൻ ഹുയി, ഇന്ത്യൻ ചലച്ചിത്ര ഇതിഹാസം ഷബാനാ ആസ്മി തുടങ്ങിയവരെ മേളയുടെ ഭാഗമാക്കാനായതും നേട്ടം. ഇന്ന് വൈകുന്നേരം ആറിന് നിശാഗന്ധിയിൽ നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സുവർണ്ണചകോരം, രജതചകോരം, കെ ആർ മോഹനൻ എൻഡോമെന്റ്, ഫിപ്രസി, നെറ്റ് പാക്ക് പുരസ്കാരങ്ങൾ എന്നിവയും വിതരണം ചെയ്യും.

അർമേനിയൻ ചലച്ചിത്ര ലോകത്തിന് ആദരവർപ്പിച്ച ഇത്തവണത്തെ മേളയിൽ അർമേനിയൻ ചലച്ചിത്ര സംവിധായകനായ സെർജി അവേദികൻ, നോറ അർമാനി എന്നിവരെ ആദരിക്കും. പോളിങ്ങിലൂടെ തിരഞ്ഞെടുത്ത മികച്ച പ്രേക്ഷക ചിത്രത്തിനുള്ള പുരസ്കാരവും സമ്മാനിക്കും. മികച്ച ചിത്രത്തിനുള്ള സുവർണ്ണ ചകോരത്തിന് അർഹമാകുന്ന സിനിമയ്ക്ക് 20 ലക്ഷം രൂപയും, രജത ചകോരത്തിന് അർഹമാവുന്ന ചിത്രത്തിൻ്റെ സംവിധായകന് 4 ലക്ഷം രൂപയും ലഭിക്കും. സമാപന ചടങ്ങിനെ തുടർന്ന് സുവർണ്ണ ചകോരം നേടിയ ചിത്രം നിശാഗന്ധിയിൽ പ്രദർശിപ്പിക്കും.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here