പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ 17-കാരിയുടെ ഗര്‍ഭസ്ഥശിശുവിന്റ പിതാവ് സഹപാഠി തന്നെയെന്ന് ഡിഎന്‍എ ഫലം

Blood test tubes. Senior female scientist examining blood test tubes at her laboratory dna testing analysis profession specialist clinician experienced medicine healthcare doctor concept copyspace
Advertisement

പത്തനംതിട്ട: പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ 17-കാരിയുടെ ഗര്‍ഭസ്ഥശിശുവിന്റ പിതാവ് സഹപാഠി തന്നെയെന്ന് ഡിഎന്‍എ ഫലം. പെണ്‍കുട്ടിയുടെ മരണത്തിന് ശേഷം സഹപാഠി ആലപ്പുഴ നൂറനാട് സ്വദേശിയായ എ. അഖിലിനെ പോക്‌സോ കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പെണ്‍കുട്ടിയെ വീട്ടിലെത്തി ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്ന് പൊലീസിന്റെ ചോദ്യംചെയ്യലില്‍ സഹപാഠി മൊഴിനല്‍കിയിരുന്നു. പെണ്‍കുട്ടിയുടെ വീട്ടില്‍ ആരുമില്ലാത്ത സമയത്താണ് എത്തിയിരുന്നതെന്നും 18-കാരന്‍ വെളിപ്പെടുത്തി.

18 വയസും ആറുമാസവുമാണ് ഇയാളുടെ പ്രായം. പ്രതിക്ക് പ്രായപൂര്‍ത്തിയായി ആറുമാസം പിന്നിട്ടതാണെന്ന് സ്ഥിരീകരിച്ചതോടെയാണ് കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്ന് വൈകിട്ടോ ശനിയാഴ്ച രാവിലെയോ പ്രതിയെ കോടതിയില്‍ ഹാജരാക്കും.

നവംബറിലാണ് പനി ബാധിച്ച് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്ന പ്ലസ് ടു വിദ്യാര്‍ത്ഥിനി ചികിത്സയിലിരിക്കെ മരിച്ചത്. ആരോഗ്യനില മോശമായതിനാല്‍ പെണ്‍കുട്ടി ഒരാഴ്ചയോളം പത്തനംതിട്ടയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്നു. നവംബര്‍ 22നാണ് പെണ്‍കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.

അതിനിടെ, അമിത അളവില്‍ ചില മരുന്നുകള്‍ പെണ്‍കുട്ടിയുടെ ശരീരത്തിലെത്തിയതായി സംശയമുണ്ടായിരുന്നു. മരണത്തില്‍ അസ്വാഭാവികതയുള്ളതിനാല്‍ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയക്കുകയുംചെയ്തു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് പെണ്‍കുട്ടി അഞ്ചുമാസം ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്. ഇതോടെ സംഭവത്തില്‍ പോക്സോ വകുപ്പുകളടക്കം ചുമത്തി പൊലീസ് വിശദമായ അന്വേഷണം ആരംഭിക്കുകയായിരുന്നു.