ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്. വ്യാഴാഴ്ച മാത്രം ദര്‍ശനത്തിനെത്തിയത് 96,007പേര്‍. ഈ സീസണിലെ വലിയ തിരക്കാണിത്. പകല്‍ 12 വരെ 46,000 പേരാണ് പമ്പ വഴി എത്തിയത്. പുല്‍മേട് വഴി 3016 പേരും എരുമേലി കാനനപാത വഴി 504 പേരും എത്തി. ഇതില്‍ 70,000 പേര്‍ വെര്‍ച്വല്‍ ക്യൂ വഴിയും 22,121 പേര്‍ സ്‌പോട്ട് ബുക്കിങ് വഴിയുമാണ് എത്തിയത്.
വെള്ളിയും തീര്‍ഥാടകരുടെ എണ്ണത്തില്‍ വര്‍ധനയുണ്ട്. പകല്‍ 12 വരെ 54,099 പേര്‍ ദര്‍ശനം നടത്തിയപ്പോള്‍ വൈകിട്ട് അഞ്ചുവരെ വെര്‍ച്വല്‍ ക്യൂ, സ്പോട്ട് ബുക്കിങ് വഴി 70,964 പേര്‍ ശബരിമലയിലെത്തി. പകല്‍ 12വരെ പമ്പ വഴി 51,818 പേരും പുല്‍മേടുവഴി 2281 പേരുമാണ് എത്തിയത്. ഇതില്‍ സ്‌പോട്ട് ബുക്കിങ് മാത്രം 11,657 പേര്‍.
സീസണിലെ ഏറ്റവും വലിയ തിരക്കുണ്ടായിട്ടും ദര്‍ശനം സുഗമമാക്കാന്‍ വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ സാധിച്ചെന്ന് സന്നിധാനം സ്‌പെഷ്യല്‍ ഓഫീസര്‍ ബി കൃഷ്ണകുമാര്‍ പറഞ്ഞു. മണ്ഡലപൂജയോടനുബന്ധിച്ച് വരുംദിവസങ്ങളില്‍ ഒരുലക്ഷത്തിലേറെപേര്‍ എത്തുമെന്ന് കണക്കാക്കി കൃത്യമായ ഒരുക്കങ്ങള്‍ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് വഴി ദര്‍ശത്തിനെത്തുന്ന തീര്‍ഥാടകരുടെ എണ്ണത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്. കഴിഞ്ഞ വെള്ളി മുതലാണ് സ്‌പോട്ട് ബുക്കിങ്ങില്‍ വലിയ വര്‍ധനയുണ്ടായത്. നവംബര്‍ 15 മുതല്‍ ഡിസംബര്‍ 19 വരെ ആകെ 4,46,130 പേരാണ് സ്‌പോട്ട് ബുക്കിങ് ചെയ്തത്.