എംടിയുടെ ആരോഗ്യനിലയിൽ മാറ്റമില്ല; ഗുരുതരമായി തുടരുന്നു: പ്രാർഥനയോടെ കേരളം

Advertisement

കോഴിക്കോട്: വിഖ്യാത സാഹിത്യകാരൻ എം.ടി.വാസുദേവൻ നായരുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. മരുന്നുകളോടു നേരിയ തോതിൽ പ്രതികരിക്കുന്നുണ്ടെങ്കിലും സ്ഥിതി ഗുരുതരമാണെന്നാണ് വിവരം. പുതിയ മെഡിക്കൽ ബുള്ളറ്റിൻ 10 മണിക്ക് പുറത്തുവരും.

വിദഗ്ധ ഡോക്ടർമാർ അടങ്ങിയ മെഡിക്കൽ സംഘം സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. 16നു പുലർച്ചെയാണ് കഫക്കെട്ടും ശ്വാസതടസ്സവും വർധിച്ചതിനെ തുടർന്ന് എംടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അന്നുമുതൽ ഐസിയുവിൽ ആയിരുന്നെങ്കിലും വെള്ളിയാഴ്ച രാവിലെ ചെറിയ തോതിൽ ഹൃദയാഘാതം ഉണ്ടായതോടെയാണ് ആരോഗ്യനില ഗുരുതരാവസ്ഥയിലായത്.

അതേസമയം, അത്യാവശ്യം ആരോഗ്യത്തോടെ എംടി തിരിച്ചുവരണമെന്നാണു മോഹമെന്നും എളുപ്പമല്ല എന്നറിയാമെന്നും എഴുത്തുകാരൻ സേതു ഫെയ്സ്ബുക്കിൽ കുറിച്ചു.‘‘പതിറ്റാണ്ടുകൾക്ക് മുൻപ് കോഴിക്കോട്ടെ ഒരു ആശുപത്രി വളപ്പിൽ ഞാനും സംവിധായകൻ എം.ആസാദും കാവൽ നിന്നത് ഓർമ വരുന്നു. കാര്യമായി ആരുമുണ്ടായിരുന്നില്ല അവിടെ. കുഞ്ഞാണ്ടി, പുതുക്കുടി ബാലൻ അങ്ങനെ ചില മുഖങ്ങൾ ഓർമയുണ്ട്. നാൽപത്തിയെട്ട്‍ മണിക്കൂറുകൾ കഴിഞ്ഞെ എന്തെങ്കിലും പറയാനാവൂ എന്നാണ് ഡോക്ടർ സി.കെ. രാമചന്ദ്രൻ പറഞ്ഞിരുന്നത്. അത് കഴിഞ്ഞു നാൽപത്തിയെട്ട് വർഷത്തോളം അദ്ദേഹം മലയാളി മനസ്സിൽ നിറഞ്ഞുനിന്നു….അതു പോലെ ഒന്ന്……എളുപ്പമല്ല എന്നറിയാം. പക്ഷെ അത്യാവശ്യം ആരോഗ്യത്തോടെ… ഇതൊരു മോഹമാണ്’’–സേതു കുറിച്ചു.