‘കുടുംബം പുലർത്തിയത് വാടക കൊണ്ട്, തകർന്ന കെട്ടിടങ്ങൾക്ക് പകരമെന്തെന്ന് ആരും പറയുന്നില്ല’: കെട്ടിട ഉടമകൾ

Advertisement

മേപ്പാടി: ഉരുൾപൊട്ടലിൽ തകർന്ന കെട്ടിടങ്ങൾക്ക് ഒരു രൂപ പോലും നഷ്ടപരിഹാരം കിട്ടിയിട്ടില്ലെന്ന് കെട്ടിട ഉടമകൾ. കെട്ടിട വാടക കൊണ്ടാണ് കുടുംബം പുലർത്തിയതും മക്കളുടെ വിദ്യാഭ്യാസം ഉൾപ്പെടെ മുന്നോട്ടുകൊണ്ടുപോയതും. ലോണിന്‍റെ കാര്യം പറഞ്ഞ് ബാങ്കുകളിൽ നിന്ന് വിളി വരുന്നു. എന്നാൽ തങ്ങളുടെ നഷ്ടത്തിന് എന്ത് പരിഹാരം നൽകുമെന്ന് ആരും പറയുന്നില്ലെന്നും കെട്ടിട ഉടമകൾക്ക് പരാതിയുണ്ട്.

കെട്ടിട ഉടമകളുടെ സംഘടന 25,000 രൂപ തന്നത് മാത്രമാണ് ആകെ ലഭിച്ച സഹായമെന്ന് കെട്ടിട ഉടമകൾ പറഞ്ഞു. അല്ലാതെ ഒരു രൂപ പോലും കിട്ടിയിട്ടില്ല. കെട്ടിടങ്ങളിൽ നിന്ന് ലഭിക്കുന്ന വാടക കൊണ്ടാണ് ഇതുവരെ കഴിഞ്ഞിരുന്നതും കുടുംബം പുലർത്തിയതും. കെട്ടിട ഉമടകളിൽ പലർക്കും ലോണുകളുണ്ട്. ഗോൾഡ് ലോണ്‍, ആധാരം വെച്ചുള്ള ലോണ്‍ അങ്ങനെ പലതും. എത്രയും പെട്ടെന്ന് ലോണ്‍ പുതുക്കണമെന്ന് ബാങ്കിൽ നിന്ന് വിളി വരുന്നുവെന്നും ഉടമകൾ പറയുന്നു.

തന്‍റെ നാല് മുറികളുള്ള ക്വാർട്ടേഴ്സ് ഒലിച്ചു പോയെന്ന് കരീം പറഞ്ഞു. ഇതുവരെ ഒരു ആനുകൂല്യവും കിട്ടിയില്ല. വാടകയ്ക്ക് താമസിച്ചവരുടെ പേര് പുതിയ പുനരധിവാസ പട്ടികയിലുണ്ട്. ക്വാർട്ടേഴ്സ് നഷ്ടമായ തനിക്ക് ഒരു ആനുകൂല്യവും ലഭിച്ചില്ലെന്നും കരീം പറയുന്നു. കെഎസ്എഫ്ഇയിൽ നിന്ന് 10 ലക്ഷത്തിന്‍റെ ലോണ്‍ എടുത്തിട്ടുണ്ട്. അതെങ്ങനെ അടയ്ക്കുമെന്ന് അറിയില്ല. ഇക്കാര്യങ്ങൾ സർക്കാർ പരിഗണിക്കണമെന്നാണ് കെട്ടിട ഉടമകളുടെ ആവശ്യം. സർക്കാർ തലത്തിൽ നിവേദനം കൊടുത്തിട്ടുണ്ടെങ്കിലും കെട്ടിട ഉടമകളെ കുറിച്ച് യാതൊരു പരാമർശവും ഇതുവരെ നടത്തിയിട്ടില്ലെന്നും ഉടമകൾ പറഞ്ഞു. കെട്ടിടങ്ങളിൽ വാടകയ്ക്ക് താമസിച്ചവരെയും തങ്ങളുടെ മുറികളിൽ കച്ചവടം നടത്തിയവരെയും പുനരധിവാസത്തിനായി പരിഗണിക്കുമ്പോഴും തങ്ങളെ എവിടെയും പരിഗണിക്കുന്നില്ലെന്ന് കെട്ടിട ഉടമകൾ പറയുന്നു.

Advertisement