കട്ടപ്പന. നിക്ഷേപകൻ സാബുവിൻറെ ആത്മഹത്യയിൽ റൂറൽ ഡെവലപ്പ്മെൻറ് കോ- ഒപ്പറേറ്റീവ് സൊസൈറ്റി ജീവനക്കാരുടെ മൊഴി ഇന്ന് പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്താൻ തുടങ്ങും. സാബുവിൻറെ ആത്മഹത്യക്കുറിപ്പിൽ പേരുള്ള ബാങ്ക് സെക്രട്ടറി റെജി എബ്രഹാം ജീവനക്കാരായ ബിനോയി, സുജമോൾ എന്നിവരുടെ മൊഴികളാണ് ആദ്യഘട്ടത്തിൽ രേഖപ്പെടുത്തുക. സാബുവിനെ ഭീഷണിപ്പെടുത്തിയ സിപിഎം ഇടുക്കി ജില്ല കമ്മറ്റി അംഗം വി ആർ സജിയുടെ മൊഴിയും സംഘം രേഖപ്പെടുത്തും. സാബുവിൻറെ ഭാര്യയുടെയും സുഹൃത്തുക്കളിൽ ചിലരുടെയും മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ സൈബർ സെല്ലിൻറെ സഹായത്തോടെ പരിശോധിക്കുന്നുണ്ട്. സാബുവിൻറെ മൊബൈലും ഫൊറൻസിക് പരിശോധനക്ക് അയക്കും. മൊഴിയിലും സിസിടിവി ദൃശ്യങ്ങളിലും നിന്ന് ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തുന്നതിനുള്ള തെളിവുകൾ കിട്ടുമോയെന്നാണ് പോലീസ് പ്രധാനമായും പരിശോധിക്കുന്നത്. സംഭവത്തിൽ കോൺഗ്രസിൻറെ നേതൃത്വത്തിൽ കട്ടപ്പനയിൽ പ്രതിഷേധ സദസ്സും സംഘടിപ്പിക്കും.