സ്‌നേഹത്തിന്റെ സന്ദേശം നൽകി ആക്ട്‌സ്- ശാന്തിഗിരി പീസ് കാർണിവലിന് സമാപനം

Advertisement

പോത്തൻകോട് : ജാതിക്കും മതത്തിനും രാഷ്ട്രീയത്തിനുമപ്പുറം അതിർവരമ്പുകളില്ലാത്ത സ്‌നേഹത്തിന്റെ സന്ദേശം  നൽകി പീസ് കാർണിവലിന് പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ സമാപനമായി. ക്രൈസ്തവസഭകളുടെ കൂട്ടായ്മയായ ആക്ട്‌സും ശാന്തിഗിരിയും സംയുക്തമായാണ് ഇത്തവണ തലസ്ഥാനത്ത് പീസ് കാർണിവൽ സംഘടിപ്പിച്ചത്. ഡിസംബർ 20 ന് ആരംഭിച്ച കാർണിവലിന്റെ സമാപനദിനത്തിൽ റിസർച്ച് സോൺ ഓഡിറ്റോറിയത്തിൽ നടന്ന സൗഹൃദസമ്മേളനവും വ്യത്യസ്തമായി.  ബിലീവേഴ്‌സ് ചർച്ച് സെമിനാരിയിൽ  പഠിക്കുന്ന ആസാം, സിക്കിം, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിൽ നിന്നുളള വൈദിക വിദ്യാർത്ഥികൾ ചേർന്ന് അവതരിപ്പിച്ച കരോൾ ഗാനത്തോടെയായിരുന്നു പരിപാടിയുടെ തുടക്കം.

ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പത്നി മറിയാമ്മ ഉമ്മൻചാണ്ടിയും മുൻആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷണന്റെ പത്നി വിനോദിനി ബാലകൃഷ്ണനും ചേർന്ന് കേക്ക് മുറിച്ച്  ക്രിസ്തുമസ്- പുതുവത്സര  ആഘോഷം ഉദ്ഘാടനം ചെയ്തു.  ആക്ട്‌സ് പ്രസിഡന്റ് ബിഷപ്പ് ഉമ്മൻ ജോർജ് ക്രിസ്തുമസ് സന്ദേശവും പാളയം ഇമാം ഡോ.വി.പി.ഷുഹൈബ് മൌലവി പുതുവത്സരസന്ദേശവും നൽകി.

ആക്ട്‌സ് ജനറൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ, ബിലീവേഴ്‌സ്  ഈസ്റ്റേൺ ചർച്ച് അദ്ധ്യക്ഷൻ ബിഷപ്പ്  ഡോ. മാത്യൂസ് മാർ സിൽവാനിയോസ്, സാൽവേഷൻ ആർമി ടെറിട്ടോറിയൽ കമാൻഡർ കേണൽ ജോൺവില്യം പോളിമെറ്റ്ല, ഡോ.വർക്കി എബ്രഹാം കാച്ചാണത്ത്, ഫാദ. വർക്കി എബ്രഹാം ആറ്റുപുറത്ത്, സബീർ തിരുമല, സാജൻ വേളൂർ, ഷേർലി സ്റ്റുവർട്ട്, പ്രമീള, ഷെവലിയാർ കോശി എം ജോർജ്, ഡോ. കെ.കെ . മനോജൻ, ഡോ. ഷീജ ജി മനോജ്, ഡെന്നീസ് ജേക്കബ്, പൂലന്തറ കെ.കിരൺ ദാസ്, ആർ. സഹീറത്ത് ബീവി, ജയപ്രകാശ്. എ എന്നിവർ ചടങ്ങിൽ സംസാരിച്ചു.  പ്രശസ്ത സംഗീതജ്ഞൻ സ്റ്റീഫൻ ദേവസിയുടെ മാന്ത്രികസംഗീതവിരുന്നോടെയാണ് ഇക്കൊല്ലത്തെ  പീസ് കാർണിവലിന് സമാപനമായത്.

Advertisement