കൊച്ചി. തൃക്കാക്കര കെ എൻ എം കോളേജിൽ നടന്ന എൻസിസി ക്യാമ്പിൽ ഭക്ഷ്യവിഷബാധ ഉണ്ടായ സംഭവത്തിൽ 14 കുട്ടികൾ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നു.കുട്ടികളുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ക്യാമ്പിൽ ഇന്നലെ വിതരണം ചെയ്ത മോരിൽ നിന്നാകാം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായത് എന്നാണ് നഗരസഭ ആരോഗ്യവിഭാഗത്തിന്റെ പ്രാഥമിക വിലയിരുത്തൽ.കുട്ടികൾക്ക് കൂട്ടത്തോടെ ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടും NCC വിവരം മറച്ചു വെച്ചത് സംഘർഷാവസ്ഥ ഉണ്ടാക്കിയെന്ന് രഹസ്യ അന്വേഷണ വിഭാഗവും റിപ്പോർട്ടു നൽകി.ക്യാമ്പിൽ അതിക്രമിച്ചു കടന്ന് സംഘർഷം ഉണ്ടാക്കാൻ ശ്രമിച്ചു എന്ന പരാതിയിൽ കണ്ടാലറിയാവുന്ന എസ്എഫ്ഐ നേതാക്കൾ അടക്കം10പേർക്കെതിരെ പോലീസ് കേസെടുത്തു
75 അധികം കുട്ടികൾക്കാണ് ഇന്നലെ രാത്രി എൻസിസി ക്യാമ്പിൽ ഭക്ഷ്യവിഷ ബാധ ഉണ്ടായത്. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരിൽ 14 പേർ ഒഴികെ എല്ലാവരെയും ഡിസ്ചാർജ് ചെയ്തു. ചികിത്സയിൽ കഴിയുന്ന കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണ് എന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്.അതേസമയം ഇന്നലെ ക്യാമ്പിൽ വിതരണം ചെയ്ത മോരിൽ നിന്ന് ആകാം ഭക്ഷ്യവിഷബാധ ഉണ്ടായതെന്നാണ് നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ സംശയം.പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലം പുറത്തു വന്നാലേ യഥാർത്ഥ കാരണം വ്യക്തമാകു.ക്യാമ്പ് നിർത്തിവയ്ക്കാൻ പോലീസ് നിർദ്ദേശിച്ചതിന് പിന്നാലെ കുട്ടികളെ രക്ഷിതാക്കളെത്തി വീടുകളിലേക്ക് കൊണ്ടുപോയി.
കുട്ടികൾക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായപ്പോഴും വിവരങ്ങൾ മൂടിവയ്ക്കാൻ എൻസിസി അധികൃതർ ശ്രമിച്ചത് പ്രശ്നം രൂക്ഷമാക്കി എന്നാണ് രഹസ്യന്വേഷണ വിഭാഗം റിപ്പോർട്ട് നൽകിയിരിക്കുന്നത്.ഇതോടെയാണ് രക്ഷിതാക്കൾ സംഘടിച്ചെത്തുകയും പ്രതിഷേധം രൂക്ഷമാവുകയും ചെയ്തത് എന്നും റിപ്പോർട്ടിൽ പറയുന്നു.കുട്ടികളുടെ ആരോഗ്യ വിവരങ്ങൾ തിരക്കി ക്യാമ്പിൽ എത്തിയ എസ്എഫ്ഐ പ്രവർത്തകർ അതിക്രമിച്ചു കടക്കുകയും സംഘർഷം ഉണ്ടാക്കാൻ ശ്രമിക്കുകയും ചെയ്തു എന്ന പരാതിയിൽ എസ്എഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഭാഗ്യലക്ഷ്മി,കളമശ്ശേരി നഗരസഭയിലെ ബിജെപി അംഗം പ്രമോദ് എന്നിവരടക്കം 10 പേരെ പ്രതിയാക്കി തൃക്കാക്കര പോലീസ് കേസും രജിസ്റ്റർ ചെയ്തു. ക്യാമ്പിൽ ഉണ്ടായ സംഭവങ്ങളെക്കുറിച്ച് അന്വേഷിച്ചു റിപ്പോർട്ട് നൽകാൻ ജില്ലാ മെഡിക്കൽ ഓഫീസറും നിർദ്ദേശം നൽകിയിട്ടുണ്ട്