ന്യൂഡല്‍ഹി: പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥിനിയുടെ കൊലപാതകത്തില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട അമീറുല്‍ ഇസ്ലാമിന്റെ മനോനിലയില്‍ കുഴപ്പമില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട്. തൃശ്ശൂര്‍ മെഡിക്കല്‍ കോളജിലെ വിദഗ്ദ്ധ ഡോക്ടര്‍മാരുള്‍പ്പെട്ട മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് സുപ്രീം കോടതിക്ക് കൈമാറി. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ സൂപ്രണ്ട് തയ്യാറാക്കിയ സ്വഭാവ സര്‍ട്ടിഫിക്കറ്റും സംസ്ഥാന സര്‍ക്കാര്‍ കോടതിക്ക് നല്‍കിയിട്ടുണ്ട്.
മാനസിക പ്രശ്‌നങ്ങള്‍, വ്യാകുലത, ഭയം എന്നിവ അമീറുള്‍ ഇസ്ലാമിനെ അലട്ടുന്നില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ആത്മഹത്യ ചെയ്യാനുള്ള ആലോചനയില്ല. ഒറ്റക്ക് ജീവിക്കാനാണ് ഇഷ്ടം തുടങ്ങിയ കാര്യങ്ങള്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. ആരൊക്കെയോ തന്നെ അപായപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന സംശയം അമീറുള്‍ പരിശോധനയ്ക്കിടെ പ്രകടിപ്പിച്ചതായും റിപ്പോര്‍ട്ടിലുണ്ട്.
തൃശ്ശൂര്‍ മെഡിക്കല്‍ കോളജിലെ മനഃശാസ്ത്രജ്ഞര്‍, മനോരോഗ വിദഗ്ധര്‍, ന്യൂറോളജിസ്റ്റ് എന്നിവര്‍ അടങ്ങുന്ന മെഡിക്കല്‍ ബോര്‍ഡാണ് അമീറുള്‍ ഇസ്ലാമിനെ പരിശോധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ജയിലിലെ കുറ്റങ്ങള്‍ക്ക് ഇത് വരെയും അമീറുല്‍ ഇസ്ലാമിനെ ശിക്ഷിച്ചിട്ടില്ലെന്നും ജയില്‍ സൂപ്രണ്ട് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. 2017 മുതല്‍ തൃശ്ശൂര്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലാണ് അമീറുള്‍ ഇസ്ലാം. ജോലിയില്‍ കൃത്യമാണെന്നും ജയില്‍ സൂപ്രണ്ട് റിപ്പോര്‍ട്ടില്‍ വിശദീകരിച്ചിട്ടുണ്ട്.