പത്തനംതിട്ട. തിരുവല്ല കുമ്പനാട്ട് കാരൾ സംഘത്തിന് നേരെ ലഹരി സംഘത്തിന്റെ ആക്രമണം . സ്ത്രീകൾ അടക്കം നിരവധി പേർക്ക് പരുക്കേറ്റു . സംഭവത്തിൽ നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു .
രാത്രി ഒന്നരയോടെയാണ് കുന്പനാട് എക്സോഡസ് ചർച്ചിലെ സ്ത്രീകളും കുട്ടികളും അടക്കമുള്ള കാരൾ സംഘത്തെ ആക്രമിച്ചത്. കാരൾ അവസാന വീട്ടിൽ എത്തിയപ്പോഴായിരുന്നു ആക്രമണം. പ്രതികൾ കടയിലിരുന്നപ്പോൾ മുഖത്ത് കാറിൻ്റെ ഹെഡ്ലൈറ്റ് അടിച്ചതാണ് ആക്രമണത്തിന് പ്രകോപിച്ചത്.വീടിന്റെ ഗേറ്റ് തള്ളിത്തുറന്നും മതിൽ ചാടിയും സംഘം അകത്തുകയറി ആക്രമിച്ചു. മുക്കാൽ മണിക്കൂറോളം ആക്രമണം തുടർന്നു. പൊലീസ് എത്തിയപ്പോൾ ചിതറിയോടി. അക്രമിസംഘത്തിലെ ഒരാളെ കാരൾ സംഘം തന്നെ പിടികൂടി പൊലീസിന് കൈമാറിയിരുന്നു.
ആക്രമണത്തിന്റെ വിഡിയോ എടുത്തത് പ്രതികളെ തിരിച്ചറിയാൻ സഹായകരമായി. പൊലീസ് അതിവേഗം ഇടപെട്ടതിൽ ആശ്വാസം ഉണ്ടെന്ന് ആക്രമണത്തിന് ഇരയായവർ പറഞ്ഞു.
സംഭവത്തിൽ ഷെറിൻ,ബിബിൻ അനന്തു, അജിൻ എന്നിവരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. ആക്രമണത്തിൽ പ്രതിഷേധിച്ചു യൂത്ത് കോൺഗ്രസ് കുമ്പനാട് പ്രതിഷേധ കാരൾ നടത്തി.