കൊച്ചി. കേരളത്തിൽ ഓൺലൈൻ തട്ടിപ്പിലൂടെ സ്വന്തമാക്കിയ പണം 5 സംസ്ഥാനങ്ങളിൽ ലിങ്കൺ ബിശ്വാസ് എത്തിച്ചു എന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ. 15 ൽ അധികം അക്കൗണ്ടുകൾ ഇയാൾ തട്ടിപ്പിനായി ഉപയോഗിച്ചതായും കമ്മീഷണർ പറഞ്ഞു. ലിങ്കൺ ബിശ്വാസിനെ കൊച്ചി സൈബർ പോലീസ് അറസ്റ്റ് ചെയ്തതോടെ രാജ്യ വ്യാപകമായി നടത്തിയ കൊള്ളയുടെ നടുക്കുന്ന വിവരങ്ങളാണ് പുറത്തായത്.. തട്ടിപ്പ് പണം ഉപയോഗിച്ച് പ്രതി പശ്ചിമബംഗാളിൽ കെട്ടിപ്പൊക്കാൻ തുടങ്ങിയത് മണിമാളിക
ഇന്ത്യയിൽ തന്നെ ഓൺലൈൻ തട്ടിപ്പുകാരുടെ മാസ്റ്റർ ബ്രെയിൻ ആയ ലിങ്കൺ ബിശ്വാസ് തട്ടിപ്പ് പണം 5 സംസ്ഥാനങ്ങളിലൂടെ കൈമാറ്റം ചെയ്തിരുന്നതായി ആണ് പോലീസ് കണ്ടെത്തിയത്. തട്ടിപ്പിനായി പ്രതി 10 അക്കൗണ്ടുകൾ ഉപയോഗിച്ചിരുന്നതായും 15 അക്കൗണ്ടുകളിൽ നിന്ന് പ്രതിക്ക് പണം എത്തിയിരുന്നത് കണ്ടെത്തിയെന്നും പോലീസ് പറഞ്ഞു.ഓൺലൈൻ തട്ടിപ്പിലൂടെ സ്വന്തമാക്കിയ പണം ബിറ്റ്കോയിനിൽ പ്രതിനിക്ഷേപിച്ചു.പ്രതിയുടെ പേരിലുള്ള അക്കൗണ്ടിൽ 75 ലക്ഷം രൂപ കണ്ടെത്തിയെന്നും അത് ഫ്രീസ് ചെയ്തതായും പോലീസ് പറഞ്ഞു.
കേസിൽ കൂടുതൽ പ്രതികളെ കിട്ടാനുണ്ട് എന്നാണ് സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ വ്യക്തമാക്കിയത്.. കേരളത്തിൽനിന്ന് തട്ടിപ്പിലൂടെ സ്വന്തമാക്കിയ പണം ഉപയോഗിച്ച് പ്രതി ആഡംബര വാഹനങ്ങളും കാറുകളും വാങ്ങുകയും നാട്ടിൽ മണിമാളിക പണിയാൻ ആരംഭിക്കുകയും ചെയ്തിരുന്നു. ആഡംബര വീടിൻറെ നിർമ്മാണം നടക്കുമ്പോഴാണ് പോലീസ് സംഘം പ്രതിയെ തേടി കൊൽക്കത്തയിൽ എത്തിയത്. നിലവിൽ ഒരു കേസിൽ മാത്രമാണ് ലിങ്കൺ ബിശ്വാസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതെന്നും കൂടുതൽ കേസുകൾ ഉണ്ടോ എന്ന് പരിശോധിക്കുകയാണ് എന്നും പോലീസ് പറഞ്ഞു.