കോഴിക്കോട്. മലയാള സാഹിത്യത്തിന്‍റെ മഹാ ഇതിഹാസം എംടി വാസുദേവന്‍നായര്‍(91) വിടവാങ്ങി. ഇന്ന് രാത്രി പത്തിന് ബേബി മെമ്മോറിയല്‍ ആശുപത്രിയിലായിരുന്നു അന്ത്യം.ശ്വാസ കോശരോഗം മൂര്‍ഛിച്ച് ദിവസങ്ങളായി അതീവഗുരുതരനിലയില്‍ ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ തുടരുകയായിരുന്നു.
മലയാളത്തിന്‍റെ സാഹിത്യമനസ് പലതലമുറയോളം ഹൃദയത്തില്‍ ചേര്‍ത്തുപിടിച്ച് പേരാണ് എംടി. സാഹിത്യത്തിന്‍റെ ഭാഷയില്‍ ആദ്യകാലത്ത് മലയാളത്തോട് സംവദിച്ച അദ്ദേഹം പിന്നീട് ചലച്ചിത്രഭാഷയിലൂടെ മലയാളിയെ അഭിമാനപുളകിതരാക്കി. അത് ഒരിക്കലും അതിനുമുമ്പോ പിമ്പോ ഉണ്ടാകാത്ത ഒരു ചലചിത്രസരണി ആയിമാറി. എംടി എഴുതുമ്പോലെ എഴുതാനും ദൃശ്യാവിഷ്കാരം നേടാനും മലയാളം കൊതിച്ചകാലം.
ശംഖ് ചെവിയോട് ചേര്‍ത്താല്‍ കടലിരമ്പം കേള്‍ക്കുംപോലെ എംടി എന്ന രണ്ടക്ഷരം മനസാ സ്മരിച്ചാല്‍ സാഹിത്യത്തിന്‍റെ കടലിരമ്പം ഉള്ളില്‍ കേള്‍ക്കാനാവും. മലയാള സാഹിത്യമെന്നാല്‍ നിളയോരത്തെ സാഹിത്യമാണോ എന്ന് മലയാളി തെറ്റിദ്ധരിച്ചകാലമായിരുന്നു എംടിയുടെ രചനാകാലം. എംടിയുടെ വരികള്‍ക്ക് പാത്രമാകാന്‍ ചലച്ചിത്രലോകം കൊതിച്ചു. മഹാനടന്മാരുടെ അവിസ്മരണീയവേഷങ്ങള്‍ ആ തൂലികയിലൂടെ വാര്‍ന്നു വീണു.
എംടിയെപ്പറ്റി ഏറെ പറയേണ്ടതില്ല. പൊതു ദര്‍ശനവും അക്ഷരപ്പുകഴ്ത്തലുകളും ആവശ്യമില്ലെന്ന് കരുതിയ പത്രപ്രവര്‍ത്തകനായ അദ്ദേഹം വിടപറയുന്നത് പത്രലോകം അവധിയിലായ ദിനമെന്നതും വല്ലാത്ത ഒരു വിധിവൈപരീത്യമാണ്.
മഹാ രാചാനേതിഹാസം രണ്ടാമൂഴത്തിന് അഭ്രകാവ്യം ചമച്ചുകാണണമെന്ന ആഗ്രഹംമാത്രം നടക്കാതെ ബാക്കിയായി. എന്നാല്‍ അതിന് അഭ്രകാവ്യം സ്വയം രചിച്ചശേഷമാണ് അദ്ദേഹം മടങ്ങിയതെന്ന് മലയാള ചലച്ചിത്രലോകത്തിന് ആശ്വസിക്കാവുന്ന സത്യമാണ്.