ഇതിഹാസ കഥാപാത്രങ്ങള്‍ തനിക്കുനല്‍കിയ എഴുത്തുകാരനെ അവസാനമായി കണ്ട് യാത്രാമൊഴിപറഞ്ഞ് മോഹന്‍ലാല്‍

Advertisement

കോഴിക്കോട്: ഇതിഹാസ കഥാപാത്രങ്ങള്‍ തനിക്കുനല്‍കിയ എഴുത്തുകാരനെ അവസാനമായി കണ്ട് യാത്രാമൊഴിപറയാന്‍ മോഹന്‍ലാല്‍ എത്തി. എം ടിയുടെ വസതിയായ സിത്താരയില്‍ ഇന്ന് പുലര്‍ച്ചെ 5 മണിയോടെയാണ് മോഹന്‍ലാല്‍ എത്തിയത്.

എം ടി വാസുദേവന്‍ നായരുമായി തനിക്ക് ഒരുപാട് വര്‍ഷത്തെ ബന്ധമുണ്ടെന്ന് മോഹന്‍ലാല്‍ പറഞ്ഞു. സിനിമാ ജീവിതത്തിലെ ഏറ്റവും നല്ല കഥാപാത്രങ്ങള്‍ തന്ന വ്യക്തിയാണെന്നും തന്റെ സംസ്‌കൃത നാടകങ്ങള്‍ കാണാന്‍ അദ്ദേഹം മുംബൈയില്‍ എത്തിയിരുന്നുവെന്നും മോഹന്‍ലാല്‍ പറഞ്ഞു.

”മഴ തോര്‍ന്നപോലെയുള്ള ഏകാന്തതയാണ് ഇപ്പോള്‍ എന്റെ മനസില്‍. ആര്‍ത്തിയോടെ ഞാന്‍ വായിച്ച പുസ്തകങ്ങളില്‍ നിന്ന്, അഭിനയിച്ച് മതിവരാഞ്ഞിട്ട് വീണ്ടും വീണ്ടും വായിച്ച തിരക്കഥകളില്‍ നിന്ന്, അരങ്ങില്‍ നിന്നിറങ്ങിയിട്ടും ഹൃദയത്തില്‍ തന്നെ തങ്ങി നിന്ന കഥാപാത്രങ്ങളില്‍ നിന്ന് ഒക്കെ എന്റെ എം.ടി സാര്‍ പോയല്ലോ. ചേര്‍ത്തുപിടിക്കുമ്പോള്‍ മറ്റാര്‍ക്കും നല്‍കാനാവാത്ത സമാധാനവും സ്‌നേഹവും നെഞ്ചിലേക്ക് പകര്‍ന്നുതന്ന പിതൃതുല്യനായ എംടി സാര്‍ മടങ്ങിയല്ലോ..

എംടി സാര്‍ എനിക്ക് ആരായിരുന്നു എന്ന് പറയാന്‍ പോലും ആവുന്നില്ല. എല്ലാം ആയിരുന്നു എന്നുപറഞ്ഞാലും കുറഞ്ഞുപോവും. പഞ്ചാഗ്‌നിയിലെ റഷീദിനെപ്പോലെ, സദയത്തിലെ സത്യനാഥനെപ്പോലെ, ആ ഇതിഹാസം, മനസില്‍ സൃഷ്ടിച്ച കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കാന്‍ കഴിഞ്ഞതില്‍പ്പരം ഒരു ഭാഗ്യം ഇനി വരാനുണ്ടോ?. വായിച്ച് കണ്ണുനിറഞ്ഞ വരികള്‍ അഭിനയിച്ചപ്പോള്‍ പ്രേക്ഷകരുടെ കണ്ണും നിറഞ്ഞതില്‍പ്പരം ഒരു സംതൃപ്തി ഇനി എനിക്ക് കിട്ടാനുണ്ടോ?”- മോഹന്‍ലാല്‍ പറഞ്ഞു.