രണ്ടാമൂഴം,എംടിയുടെ വലിയ ആ​ഗ്രഹമായിരുന്നു അത്

Advertisement

കോഴിക്കോട്: എംടി വാസുദേവൻ നായരെ അനുസ്മരിച്ച് സംവിധായകൻ ശ്രീകുമാർ മേനോൻ. രണ്ടാമൂഴം എന്ന കൃതി സിനിമയാക്കാൻ കഴിയാതെ പോയതിന്റെ വിഷമവും കുറ്റബോധവും ശ്രീകുമാർ മേനോൻ പങ്കുവച്ചു. ആയിരം കോടിയിലേറെ ചെലവ് വരുന്ന ബിഗ് ബജറ്റ് സിനിമയായിരുന്നു രണ്ടാമൂഴം, അത് സിനിമയാകാത്തതിൽ തന്നേക്കാളേറെ നിരാശ എംടിക്കാണ് ഉണ്ടായിരുന്നതെന്ന് ശ്രീകുമാർ മേനോൻ പറഞ്ഞു. കോഴിക്കോട് എംടിയുടെ വസതിയിൽ എത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
“ഒരു മകനെ പോലെയായിരുന്നു അദ്ദേഹം എന്നെ കണ്ടിരുന്നത്. കാരണം അദ്ദേഹത്തിൽ നിന്ന് മറ്റാർക്കും ലഭിക്കാത്ത ഒരുപാട് മഹാഭാ​ഗ്യങ്ങൾ എനിക്ക് ലഭിച്ചിട്ടുണ്ട്. രണ്ടാമൂഴമെന്ന മഹാകാവ്യത്തിന്റെ സ്ക്രിപ്റ്റ് തരുമോയെന്ന് ഈ സിതാരയിലെത്തിയാണ് ഞാൻ ചോദിച്ചത്. മൂന്നാമത്തെ പ്രാവശ്യം വന്നുകണ്ടപ്പോൾ അദ്ദേഹം സമ്മതിച്ചു. ബോംബെയിൽ വച്ച് നാല് തവണയും തൃശൂരിൽ വച്ച് രണ്ടുതവണയും അദ്ദേഹത്തെ കണ്ടിരുന്നു. അദ്ദേഹം ചാരുകസേരയിലും ഞാൻ നിലത്തും ഇരുന്നു. എന്നിട്ട് രണ്ടാമൂഴം സീൻ ബൈ സീൻ എനിക്ക് വായിച്ചുതന്നു, ഞാൻ നോട്ടെഴുതി. അങ്ങനെ വലിയൊരു അനുഭവത്തിലൂടെ കടന്നുപോകാൻ കഴിഞ്ഞു.
രണ്ടാമൂഴം സിനിമയാകാത്തതിൽ എന്നേക്കാളേറെ നിരാശ ഒരുപക്ഷെ അദ്ദേഹത്തിനുണ്ടായിരുന്നുവെന്ന് എനിക്ക് ഉറപ്പാണ്. എംടിയുടെ വലിയ ആ​ഗ്രഹമായിരുന്നു അത്. രണ്ടാമൂഴം സിനിമയായി മാറുകയെന്നത് അദ്ദേഹത്തിന്റെ കാലശേഷം അദ്ദേഹത്തിന് നൽകാൻ കഴിയുന്ന ഏറ്റവും വലിയ ട്രിബ്യൂട്ടാണ്. കഴിവുള്ള സംവിധായകർ നമ്മുടെ ഇടയിലുണ്ട്. അവരെക്കൊണ്ട് അത് സിനിമയാക്കി. ലോകത്തിന് തന്നെ അഭിമാനമാകാവുന്ന ചലച്ചിത്ര കാവ്യമായി രണ്ടാമൂഴം മാറട്ടെ..


സിനിമയെടുക്കാൻ കഴിയാതെ പോയത് വലിയ നഷ്ടമായി ഞാൻ കരുതുന്നു. സ്ക്രീൻ പ്ലേ അദ്ദേഹം തന്നിരുന്നു, ചെയ്യാൻ കഴിഞ്ഞില്ല. ബൃഹത്തായ സിനിമയാണ് രണ്ടാമൂഴം, ആയിരം കോടിക്ക് മുകളിലുള്ള ബജറ്റിൽ ചെയ്യേണ്ട സിനിമ. 200-300 കോടിയിലൊന്നും ഒതുങ്ങുന്ന ഒന്നായിരുന്നില്ല. ഇന്ത്യ കണ്ട ഏറ്റവും മികച്ച ഒരു കൃതിയെ സിനിമയാക്കുമ്പോൾ വലിയ വെല്ലുവിളി നേരിട്ടു. പ്രൊഡ്യൂസറെ തേടിയുള്ള വലിയ യാത്രയായിരുന്നു. അവസാനം ബിആർ ഷെട്ടിയാണ് എത്തിയത്.
ബിആർ ഷെട്ടിയാണ് എത്തിയത്. എന്നാൽ അതിന് ശേഷം ദൗഭാർ​ഗ്യകരമായ പല സംഭവങ്ങളുണ്ടായി. രണ്ടാമൂഴം സിനിമയാക്കാനുള്ള യോ​ഗം എനിക്ക് ലഭിച്ചില്ലെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. അദ്ദേഹത്തിന് നൽകിയ വാക്കുപാലിക്കാൻ കഴിയാത്തതിൽ എനിക്ക് വിഷമവും കുറ്റബോധവുമുണ്ട്. എനിക്കിനി അത് സിനിമയാക്കാൻ കഴിയില്ല, അങ്ങനെയാണ് കേസ് അവസാനിപ്പിച്ചത്.” – ശ്രീകുമാർ മേനോൻ പറഞ്ഞു.