കാസര്‍ഗോഡ്.പെരിയ കേസിലെ പ്രതികൾക്കൊപ്പം കോൺഗ്രസ് നേതാവ് വേദി പങ്കിട്ടത് വിവാദത്തിൽ. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച എം ടി അനുസ്മരണ പരിപാടിയിൽ കല്ല്യോട്ട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഡ്വ. ബാബുരാജ് പങ്കെടുത്തതാണ് വിവാദമായത്. കേസിലെ പതിനാലാം പ്രതി കെ മണികണ്ഠൻ, ഇരുപതാം പ്രതി മുൻ എം എൽ എ കെ വി കുഞ്ഞിരാമൻ എന്നിവർക്കൊപ്പമാണ് ബാബുരാജ് വേദി പങ്കിട്ടത്.
കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിലെ പള്ളിക്കര ഡിവിഷനിൽ നടന്ന എം ടി അനുസ്മരണ പരിപാടിയിലാണ് കല്ല്യോട്ട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഡ്വ. ബാബുരാജ് പങ്കെടുത്തത്. പെരിയ ഇരട്ട കൊലപാതക കേസിലെ ഇരുപതാം പ്രതിയും മുൻ എംഎൽഎയുമായ കെ വി കുഞ്ഞിരാമനായിരുന്നു ഉദ്ഘാടകൻ. പതിനാലാം പ്രതിയും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമായ കെ മണികണ്ഠൻ വേദിയിലുണ്ടായിരുന്നു…
. കേസിൽ സിബിഐ കോടതി നാളെ വിധി പറയാൻ ഇരിക്കെയാണ് പ്രാദേശിക കോൺഗ്രസ് നേതാവും, കേസിൽ നിയമ പോരാട്ടത്തിനായി കുടുംബത്തോടൊപ്പം നിൽക്കുകയും ചെയ്യുന്ന അഡ്വക്കേറ്റ് ബാബുരാജ് പരിപാടിയിൽ പങ്കെടുക്കുന്നത്. പള്ളിക്കര ഡിവിഷനിൽ നടന്ന പരിപാടിയിൽ കല്ല്യോട്ട് ഡിവിഷനിൽ നിന്നുള്ള പ്രതിനിധിയായ ബാബുരാജ് എന്തിനു പങ്കെടുത്തു എന്നാണ് കോൺഗ്രസിലെ ഒരു വിഭാഗം ഉയർത്തുന്ന ചോദ്യം… എന്നാൽ പരിപാടിയിൽ പങ്കെടുക്കാൻ കോൺഗ്രസ് നേതൃത്വത്തിന്റെ അനുമതി വാങ്ങിയെന്നാണ് ബാബുരാജിന്റെ വിശദീകരണം… സംഭവത്തെ ചൊല്ലി പെരിയയിലെ കോൺഗ്രസ് നേതാക്കൾക്കിടയിൽ ഭിന്നത രൂക്ഷമാണ്….