അംബേദ്കറിനെ അധിക്ഷേപിക്കുന്ന ആഭ്യന്തര മന്ത്രിയുടെ രാജ്യമായി ഇന്ത്യ : എം വി ഗോവിന്ദൻ

Advertisement


കൊല്ലം. ഭരണഘടന തയ്യാറാക്കിയവരെയും മഹത്തായ ഭരണഘടനയെയും അംഗീകരിക്കാൻ സംഘപരിവാർ തയ്യാറല്ലെന്നും അതാണ് ഡോ.അംബേദ്‌ക്കറെ അധിക്ഷേപിക്കുന്ന കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ രാജ്യമായി ഇന്ത്യ മാറാനുള്ള കാരണമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സിപിഐ എം 24–-ാം പാർടി കോൺഗ്രസിനു മുന്നോടിയായി മാർച്ച് ആറുമുതൽ ഒമ്പതുവരെ കൊല്ലത്ത് ചേരുന്ന സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായ സ്വാഗതസംഘ യോഗം ഉദ്‌ഘാടനംചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യം ലഭിച്ച്‌ ഇത്രയധികം വർഷം കഴിഞ്ഞശേഷവും മനുസ്‌മൃതിയിലും ചത്രുവർണ്യ വ്യവസ്ഥയിലും ഊറ്റംകൊള്ളുകയും അഹങ്കരിക്കുകയും ചെയ്യുകയാണ് സംഘപരിവാർ. വിശ്വാസത്തിന്റെ പേരുപറഞ്ഞ് കുറേനാൾ നടന്നാൽ ജനം അത് അംഗീകരിക്കില്ല എന്നതാണ് അയോധ്യ ക്ഷേത്രം ഉൾപ്പെടുന്നതും സമീപമുള്ളതുമായ മണ്ഡലങ്ങളിലെ തോൽവി തെളിയിച്ചത്‌. വർഗപരമായി ബിജെപിയും കോൺഗ്രസും ഒരേപോലെ പ്രവർത്തിക്കുന്നു. വർഗീയ ധ്രുവീകരണം ബിജെപി നടത്തുമ്പോൾ മൃദുഹിന്ദുത്വ നിലപാടാണ് കോൺഗ്രസ് സംഘടിപ്പിക്കുന്നത് എന്നുള്ളത് മാത്രമാണ് വ്യത്യാസം. എന്നാൽ ഓരോ ഘട്ടത്തിലും എന്താണ് രാജ്യത്ത് സംഭവിക്കുന്നതെന്ന് കൃത്യവും സൂക്ഷ്‌മവുമായി പരിശോധിച്ചാണ് ഓരോ പാർടി കോൺഗ്രസും നടന്നിട്ടുള്ളത്. ഒന്നാം പാർടി കോൺഗ്രസ് മുതൽ ഫലപ്രദമായ നിലപാടുകളാണ് പാർടി രാജ്യത്തിന്‌ മുന്നിൽ വെച്ചിട്ടുള്ളത്. ലോകത്തിലെ വികസിത രാഷ്ട്രങ്ങളിലെ ജനജീവിത നിലവാരത്തിനൊപ്പം സംസ്ഥാനത്തെ എത്തിക്കാനുള്ള ചരിത്ര ദൗത്യത്തിന്റെ പേരാണ് നവകേരളം. ഇതേ സമയം ഭൂരിപക്ഷ-–-ന്യൂനപക്ഷ വർഗീയതയുമെല്ലാം ചേർന്ന മഴവിൽ സഖ്യം രൂപപ്പെടുന്നു. ഇടതുപക്ഷമാണ് അവരുടെ പൊതുശത്രു. മാധ്യമങ്ങളുടെ അകമ്പടിയോടെ മുഖ്യമന്ത്രിയെയും മുന്നണിയെയും സർക്കാരിനെയും തകർക്കാൻ ശ്രമിക്കുന്നു. മാധ്യമങ്ങളാകെ കമ്മ്യൂണിസ്റ്റ് വിരുദ്ധ പ്രചാരവേലയാണ് നടത്തുന്നത്–-എം വി ഗോവിന്ദൻ പറഞ്ഞു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here