സർക്കാർ ജോലിക്കാരുടെ വ്യാജ ഐഡി കാർഡ്, ജോലി കിട്ടിയത് പണം കൊടുത്തെന്ന് വിശ്വസിപ്പിച്ചു; ലക്ഷങ്ങളുടെ തട്ടിപ്പ്

Advertisement

ആലപ്പുുഴ: ചെങ്ങന്നൂരിൽ സർക്കാർ ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയ യുവതി അറസ്റ്റിലായി. ആലപ്പുഴ പുലിയൂർ സ്വദേശിനി സുജിതയെയാണ് ചെങ്ങന്നൂർ പോലീസ് പിടികൂടിയത്. ഇവർക്കെതിരെ പല സ്റ്റേഷനുകളിലും ജോലി തട്ടിപ്പ് കേസുകളുണ്ടെന്ന് പൊലീസ് പറയുന്നു. ബുധുനൂർ സ്വദേശിനിയായ യുവതി നൽകിയ പരാതിയിലാണ് ഇപ്പോൾ അറസ്റ്റ്.

സർക്കാർ ആയൂർവേദ ആശുപത്രിയിൽ ജോലി വാങ്ങി നല്‍കാമെന്ന് പറഞ്ഞ് സുജിത 4.25 ലക്ഷം രൂപയാണ് ബുധുനൂർ സ്വദേശിനിയായ യുവതിയിൽ നിന്ന് കൈക്കലാക്കിയത്. താനും ആയുര്‍വേദ ആശുപത്രിയിലെ ജോലിക്കാരിയാണെന്നും, പണം കൊടുത്താണ് ജോലിയിൽ കയറിയതെന്നും സുചിത പരാതിക്കാരിയെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു. ഉദ്യോഗാർഥികളുടെ വിശ്വാസം ആർജിക്കാനായി സർക്കാർ ജീവനക്കാരുടെ വ്യാജ തിരിച്ചറിയൽ കാർഡും ഇവർ ധരിച്ചിരുന്നു.

2023 ഫെബ്രുവരി 25നാണ് പണം വാങ്ങിയതെന്ന് പരാതിക്കാരി പറഞ്ഞു. രണ്ട് മാസത്തിനകം ജോലിയിൽ കയറാമെന്നായിരുന്നത്രെ വാഗ്ദാനം. എട്ട് മാസം കഴിഞ്ഞപ്പോൾ ആദ്യ ഘട്ടത്തിൽ കുറച്ച് പേരുടെ ജോലി ശരിയായിട്ടുണ്ടെന്ന് പറഞ്ഞ് ഒരു പിഎസ്‍സി റാങ്ക് ലിസ്റ്റ് കാണിച്ചു. അടുത്ത ലിസ്റ്റ് ഇവരുടേതാണെന്നും പറഞ്ഞു. എന്നാൽ പിന്നീട് ജോലിയോ പണമോ തിരികെ ലഭിക്കാതെ ഇരുന്നതോടെ ഉദ്യോഗാർത്ഥി പൊലീസിൽ പരാതി നൽകുകയായിരുന്നു.

അറസ്റ്റിലായ പുലിയൂർ സ്വദേശിനി സുജിത സുരേഷിനെതിരെ ആലപ്പുഴയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ ജോലി തട്ടിപ്പ് കേസുകളുണ്ട്. വണ്ടി ചെക്ക് നൽകി കബിളിപ്പിച്ച കേസ് കോടതിയിലും നിലനിൽക്കുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here