കെഎസ്ആര്‍ടിസിയുടെ പ്രതിദിന വരുമാനം സര്‍വകാല റെക്കോഡിലേക്ക്

Advertisement

കെഎസ്ആര്‍ടിസിയുടെ പ്രതിദിന വരുമാനം സര്‍വകാല റെക്കോഡിലേക്ക്. ആദ്യ പ്രവൃത്തി ദിനമായ തിങ്കളാഴ്ച്ച (ഡിസംബര്‍ 23ന്) പ്രതിദിന വരുമാനം 9.22 കോടി രൂപ എന്ന നേട്ടത്തിലേക്കെത്തി. 2023 ഡിസംബര്‍ 23ന് നേടിയ 9.06 കോടി എന്ന റെക്കോഡാണിപ്പോള്‍ മറികടന്നത്. കൃത്യമായ പ്ലാനിങ് നടത്തിയും ജനോപകാരപ്രദമല്ലാത്തതും പ്രവര്‍ത്തന ചെലവ് പോലും കിട്ടാത്ത കടുത്ത നഷ്ട ട്രിപ്പുകള്‍ ഒഴിവാക്കിയുമാണ് ചെലവ് ചുരുക്കി നേട്ടം ഉണ്ടാക്കിയതെന്ന് ഗതാഗത വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ശബരിമല വരുമാനത്തില്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ഗണ്യമായ കുറവ് ഉണ്ടായിട്ടും ആകെ വരുമാനത്തില്‍ 20 ലക്ഷത്തോളം രൂപ അധികമായി ലഭിച്ചു. ശബരിമല സ്‌പെഷ്യല്‍ സര്‍വിസിനൊപ്പം മറ്റ് സര്‍വിസുകള്‍ മുടക്കമില്ലാതെ ഓപ്പറേറ്റ് ചെയ്തു. മുന്‍കൂട്ടി ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സംവിധാനം ഏര്‍പ്പെടുത്തി കൃത്യമായ പ്ലാനിങ്ങോടുകൂടി വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലെ അഡീഷണല്‍ സര്‍വീസുകളും വീക്കെന്‍ഡ് സര്‍വീസുകളും ഓപ്പറേറ്റ് ചെയ്തു.
കൂടാതെ മന്ത്രിയുടെ നിര്‍ദേശപ്രകാരം ആരംഭിച്ച തിരുവനന്തപുരം – കോഴിക്കോട് – കണ്ണൂര്‍ സര്‍വീസുകള്‍ യാത്രക്കാര്‍ ഏറ്റെടുത്തതും വരുമാന വര്‍ധനവിന് കാരണമായിട്ടുണ്ടെന്നും ഗതാഗതവകുപ്പ് അറിയിക്കുന്നു. കെഎസ്ആര്‍ടിസി മാനേജ്‌മെന്റും, ജീവനക്കാരും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചതിന്റെ ഫലമായാണ് റിക്കാര്‍ഡ് വരുമാനം ലഭ്യമായത്.