കോന്നി: സിപിഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തിലെ പ്രതിനിധി ചർച്ചയിൽ ഇ.പി. ജയരാജനെതിരെ വിമർശനം. രാഷ്ട്രീയ നേതാക്കൾ എന്ന നിലയിൽ ജാവഡേക്കറിനെ കണ്ടതു മനസിലാക്കാം. എന്നാൽ ദല്ലാൾ നന്ദകുമാറിനെ ഇപി കണ്ടതിനു എന്ത് ന്യായീകരണം ആണു നേതൃത്വത്തിന് പറയാനുള്ളതെന്നു മല്ലപ്പള്ളിയിൽ നിന്നുള്ള പ്രതിനിധി വിമർശിച്ചു.
തുടർച്ചയായ പിരിവുകൾ കാരണം ബ്രാഞ്ച് സെക്രട്ടറിമാർ സാമ്പത്തിക ബാധ്യതയിലാണ്. എംഎൽഎയും മന്ത്രിയും ആയ ശേഷം വിശ്രമ ജീവിതം നയിക്കുന്നവർ ശ്രദ്ധകിട്ടാൻ വായിൽ തോന്നിയതു പറയുന്നുവെന്നും ജി.സുധാകരനെ നിയന്ത്രിക്കണമെന്നും കോഴഞ്ചേരിയിലെ പ്രതിനിധി അഭിപ്രായപ്പെട്ടു.
പത്തനംതിട്ട പൊലീസ് സ്റ്റേഷനിൽ സിപിഎമ്മുകാരനാണെങ്കിൽ ലോക്കപ്പ് ഉറപ്പാണെന്നും ബിജെപിക്കാരനാണെങ്കിൽ തലോടുമെന്നും പത്തനംതിട്ട ഏരിയ കമ്മിറ്റിയിലെ പ്രതിനിധി പറഞ്ഞു. ഓൺലൈൻ ചാനലുകളെ പിന്തുണയ്ക്കുന്ന പാർട്ടി നയം മാറണം. സർക്കാർ സംവിധാനങ്ങളിൽനിന്നും പാർട്ടി പ്രവർത്തകർക്ക് ഒരു പരിഗണനയും ലഭിക്കുന്നില്ലെന്നും സമ്മേളനത്തിൽ വിമർശനമുണ്ടായി.
ബിജെപിയിൽനിന്നും സംഘപരിവാറിനോട് ആഭിമുഖ്യമുള്ള ഒരുപാട് പേർ സിപിഎമ്മിലേക്ക് വരുന്നുണ്ട്. ഇവരുടെ പശ്ചാത്തലം പരിശോധിക്കണം. സിപിഎമ്മിനുള്ളിൽ പ്രശ്നങ്ങൾ ഉണ്ടാക്കാനാണോ ഇവരുടെ കടന്നുവരവ് എന്നാണ് പരിശോധിക്കേണ്ടത്. ഇത്തരം വിഷയങ്ങളിൽ ജില്ലാ നേതൃത്വം ഏകപക്ഷീയ നിലപാട് എടുക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും പ്രതിനിധികൾ പറഞ്ഞു.
ഇന്നലെ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉൾപ്പെടെ ജില്ലാ നേതൃത്വത്തെ രൂക്ഷമായി വിമർശിച്ചിരുന്നു. പേരു വയ്ക്കാത്ത ഒട്ടേറെ പരാതികൾ ജില്ലാ കമ്മിറ്റിക്കെതിരെ സംസ്ഥാന കമ്മിറ്റിക്കു ലഭിക്കുന്നുണ്ടെന്നായിരുന്നു ഗോവിന്ദൻ പറഞ്ഞത്. ജീവ ഭയം കൊണ്ടു പേരുകൾ വയ്ക്കുന്നില്ലെന്നാണു കത്തുകളിൽ പരാമർശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.