കോട്ടയം.തേനി വാഹനാപകടത്തിൽ മരിച്ച കുറവിലങ്ങാട് സ്വദേശികളുടെ സംസ്കാരം ഇന്ന് നടക്കും ./ രാവിലെ 9ന് വസതിയിലെ ശുശ്രൂഷകൾക്കു ശേഷം കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്തമറിയം തീർഥാടന ദേവാലയത്തിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക. ഇന്നലെ രാത്രി 7 മണിയോടെയാണ് മൃതദേഹങ്ങൾ 3 ആംബുലൻസുകളിലായി വീട്ടിൽ എത്തിച്ചത്. കുറവിലങ്ങാട് ബസ്റ്റാൻഡിൽ ഹൃസ്വമായ പൊതുദർശനത്തിനുശേഷം മൃതദേഹങ്ങൾ യുവാക്കളുടെ വീടുകളിലേക്ക് കൊണ്ടുപോയി.
കുറവിലങ്ങാട് കുര്യം കോയിക്കല്‍ ജെയിന്‍ തോമസ്, കാഞ്ഞിരത്തിങ്കല്‍ സോണിമോന്‍ കെ.ജെ, അമ്പലത്തിങ്കല്‍ ജോബീഷ് തോമസ് എന്നിവരാണ് മരിച്ചത് . വേളാങ്കണ്ണി തീർത്ഥാടനത്തിനായി പോയി മടങ്ങും വഴിയാണ് നാൽവർസംഘം സഞ്ചരിച്ചിരുന്ന വാഹനം തേനിക്ക് സമീപം പെരിയകുളത്ത് വച്ച് അപകടത്തിൽപ്പെട്ടത്.
ഇവർ സഞ്ചരിച്ചിരുന്ന കാർ ടൂറിസ്റ്റ് ബസുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. സംഘത്തിൽ ഉണ്ടായിരുന്ന ഷാജി എന്നയാളെ പരുക്കുകളോടെ തേനി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇദ്ദേഹത്തെ പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇദ്ദേഹത്തിന്റെ പരിക്കുകൾ ഗുരുതരമല്ല.