പത്തനംതിട്ട: രാജു എബ്രഹാം സിപിഎം ജില്ലാ സെക്രട്ടറി. മൂന്നു ടേം പൂർത്തിയായതിനെ തുടർന്നാണ് നിലവിലെ സെക്രട്ടറിയായ കെ.പി.ഉദയഭാനുവിനെ മാറ്റിയത്. ജില്ലാ കമ്മിറ്റിയിൽ ആറ് പുതുമുഖങ്ങൾ ഇടം നേടി. തിരുവല്ല ഏരിയ സെക്രട്ടറി സ്ഥാനത്തു നിന്നും അച്ചടക്ക നടപടിയിലൂടെ നീക്കം ചെയ്യപ്പെട്ട ഫ്രാൻസിസ് വി. ആന്റണി ജില്ലാ കമ്മിറ്റിയിലെത്തി.
കോഴഞ്ചേരി ഏരിയ സെക്രട്ടറി ടി.വി.സ്റ്റാൻലിൻ, പികെഎസ് ജില്ലാ സെക്രട്ടറി സി.എം.രാജേഷ് (പട്ടികജാതി ക്ഷേമ സമിതി), ഇരവിപേരൂർ ഏരിയാ സെക്രട്ടറി ടി.കെ.സുരേഷ് കുമാർ, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹൻ, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ബി.നിസാം എന്നിവരും ജില്ലാ കമ്മിറ്റിയിലെത്തി.
കെ.പി.ഉദയഭാനു, അഡ്വ. പീലിപ്പോസ് തോമസ്, മുൻ എംഎൽഎ കെ.സി.രാജഗോപാൽ, കൊടുമൺ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ.ശ്രീധരൻ, നിർമലാദേവി, ബാബു കോയിക്കലേത്ത് എന്നിവർ ജില്ലാ കമ്മിറ്റിയിൽനിന്ന് ഒഴിവായി. സിപിഎം സംസ്ഥാന കമ്മിറ്റി അംഗമാണ് രാജു എബ്രഹാം. 25 വർഷം റാന്നി എംഎൽഎയായിരുന്നു. 1961 ജൂൺ 30ന് ജനനം. എസ്എഫ്ഐയിലൂടെ രാഷ്ട്രീയത്തിലെത്തി. സെന്റ് തോമസ് കോളജ് യൂണിയൻ ചെയർമാനായിരുന്നു. 1996ൽ ആദ്യമായി നിയമസഭയിലെത്തി.