വാടക വീട്ടിൽ കഞ്ചാവ് വിൽപ്പന, ദമ്പതികൾ പിടിയിൽ; സൂക്ഷിച്ചത് കിടപ്പു മുറിയിലെ പ്ലാസ്റ്റിക് ചാക്കിൽ

Advertisement

മലയിൻകീഴ് (തിരുവനന്തപുരം): വാടക വീട്ടിൽ വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന 18.27 കിലോഗ്രാം കഞ്ചാവുമായി ദമ്പതികൾ അറസ്റ്റിൽ. മലയിൻകീഴ് മാവോട്ടുകോണം കുഴിതാലംകോട് വാടകയ്ക്കു താമസിക്കുന്ന ജഗതി സ്വദേശി വിജയകാന്ത് (29), ഭാര്യ വിളവൂർക്കൽ മലയം സ്വദേശി സുമ (28) എന്നിവരെയാണ് റൂറൽ ഡാൻസാഫ് സംഘവും മലയിൻകീഴ് പൊലീസും പിടികൂടിയത്. കിടപ്പുമുറിയിൽ പ്ലാസ്റ്റിക് ചാക്കിനുള്ളിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ശനിയാഴ്ച രാത്രിയാണ് പൊലീസ് സംഘം വീട്ടിൽ പരിശോധനയ്ക്ക് എത്തിയത്.

ഒരു മാസം മുൻപാണ് പ്രതികൾ വീട് വാടകയ്ക്ക് എടുത്തത്. ഇവിടെ കഞ്ചാവ് കച്ചവടം നടക്കുന്നതായും പൊലീസിനു രഹസ്യ വിവരം നേരത്തെ ലഭിച്ചിരുന്നു. തുടർന്ന് ഇവരെ പൊലീസ് നിരീക്ഷിച്ചു വരികയായിരുന്നു. ബാലരാമപുരം സ്വദേശിയിൽ നിന്നാണ് വിജയകാന്ത് കഞ്ചാവ് വാങ്ങിയതെന്നു സൂചനയുണ്ട്. ന്യൂഇയർ ലക്ഷ്യമിട്ട് വിൽപന നടത്താനുള്ള ശ്രമത്തിനിടെയാണ് പിടിയിലായത്. ഇരുവരെയും റിമാൻഡ് ചെയ്തു. കാട്ടാക്കട, മലയിൻകീഴ്, പൂജപ്പുര സ്റ്റേഷനുകളിൽ മാല കവർച്ച ഉൾപ്പെടെ ഒട്ടേറെ കേസുകൾ വിജയകാന്തിന് ഉണ്ടെന്നു പൊലീസ് പറഞ്ഞു.

Advertisement