കൊച്ചി:കൊച്ചി കടവന്ത്രയിൽ സ്കൂട്ടറിന് പിന്നിൽ കെഎസ്ആർടിസി ബസ് ഇടിച്ച് സ്കൂട്ടറിൻറെ പിൻസീറ്റിലിരുന്ന യാത്ര ചെയ്യുകയായിരുന്ന സ്ത്രീക്ക് ദാരുണാന്ത്യം. അരൂകുറ്റി സ്വദേശി സീനത്ത് (40) ആണ് മരിച്ചത്. സ്കൂട്ടർ ഓടിച്ചിരുന്നയാൾക്കും ഗുരുതരമായി പരിക്കേറ്റു. അപകടത്തിൻറെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.
ഇന്ന് രാവിലെ ഒമ്പതോടെയാണ് കടവന്ത്രയിൽ മെട്രോ പില്ലർ 790ന് മുന്നിൽ വെച്ചാണ് ദാരുണാപകടം ഉണ്ടായത്. റോഡിൽ ഗതാഗത കുരുക്കുണ്ടായതിനെ തുടർന്ന് മുന്നിലെ വാഹനങ്ങൾ വേഗത കുറച്ച് നിർത്തിയതോടെ സ്കൂട്ടർ ഓടിച്ചിരുന്നയാളും വേഗത കുറച്ച് നിർത്താൻ ശ്രമിക്കുന്നതിനിടയിൽ പിന്നിൽ നിന്നും കെഎസ്ആർടിസി ബസ് ഇടിക്കുകയായിരുന്നു.
തുടർന്ന് കാറിലിടിച്ചാണ് കെഎസ്ആർടിസി ബസ് നിന്നത്. ഇടിയുടെ ആഘാതത്തിൽ കെഎസ്ആർടിസി ബസിനും കാറിനും ഇടയിൽ സ്കൂട്ടറിലുണ്ടായിരുന്നവർ കുടുങ്ങി പോവുകയായിരുന്നു. ഗതാഗത കുരുക്കുള്ള സ്ഥലമായതിനാൽ വാഹനങ്ങൾ വേഗത കുറച്ച് പോകേണ്ട സ്ഥലമാണ്. കെഎസ്ആർടിസി ബസ് വേഗതയിലായിരുന്നവെന്ന് നാട്ടുകാർ പറഞ്ഞു. അപകടം നടന്ന ഉടനെ സ്ത്രീയെയും സ്കൂട്ടർ യാത്രികനെയും ആശുപത്രിയിലെത്തിച്ചെങ്കിലും സീനത്തിനെ രക്ഷിക്കാനായില്ല. ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തി തുടർ നടപടി സ്വീകരിച്ചു.