കൊച്ചി.ഉമാ തോമസ് എംഎൽഎയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നതായി മെഡിക്കൽ ബുള്ളറ്റിൻ. ഇന്നലെ ആശുപത്രിയിൽ എത്തിച്ചതിനേക്കാൾ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടിട്ടുണ്ട് എങ്കിലും ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ഇന്ന് രാവിലെ നടത്തിയ സി ടി സ്കാനിൽ ശ്വാസകോശത്തിലെ ചതവുകൾ കൂടിയത് കണ്ടെത്തി.തലച്ചോറിലെ പരിക്കിൻ്റെ അവസ്ഥ കൂടുതൽ ഗുരുതരമായിട്ടില്ല എന്നും റെനൈ മെഡിസിറ്റി മെഡിക്കൽ ഡയറക്ടർ ഡോക്ടർ കൃഷ്ണനുണ്ണിയും വ്യക്തമാക്കി
കലൂർ സ്റ്റേഡിയത്തിലെ സ്റ്റേജിൽ നിന്നും വീണ ഗുരുതരമായി പരിക്കേറ്റ തൃക്കാക്കര എംഎൽഎ ഉമാ തോമസിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നതായാണ് ആശുപത്രി ഇന്ന് രാവിലെ പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കിയത്. ശ്വാസകോശത്തിലെ ചതവുകൾ അല്പം കൂടിയിട്ടുള്ളതായും തലയുടെ പരിക്കിന്റെ അവസ്ഥ കൂടുതൽ ഗുരുതരം ആയിട്ടില്ല എന്നും രാവിലെ നടത്തിയ CT സ്കാനിൽ വ്യക്തമായതായി ഡോക്ടർമാർ പറഞ്ഞു
നിലവിൽ എംഎൽഎ വെന്റിലേറ്ററിൽ തുടരുകയാണെന്നും,കുറച്ചുദിവസം കൂടി വെന്റിലേറ്ററിന്റെ സഹായം ആവശ്യമാണ് എന്നും ഡോക്ടർമാർ പറഞ്ഞു.ശ്വാസകോശത്തിന്റെ ചതവുകൾ മാറുന്നതിനു വേണ്ടി ആന്റിബയോട്ടിക്കുകൾ ഉൾപ്പെടുന്ന ചികിത്സയ്ക്ക് ആണ് പ്രാധാന്യം നൽകുന്നത്.
സ്കാനിംഗിൽ പുതിയ പരിക്കുകൾ കണ്ടെത്താൻ സാധിച്ചിട്ടില്ല എന്നും ഡോക്ടർമാർ പറഞ്ഞു.നിലവിലെ സ്കാനിംഗിൽ തലച്ചോറിൽ കൂടുതൽ പരിക്കുകൾ ഇല്ലാത്തത് നല്ല കാര്യമാണ് എന്നും ഡോക്ടർമാർ പറഞ്ഞു.അപകടനില തരണം ചെയ്തു എന്ന് പറയാറായിട്ടില്ല എന്നും ശ്വാസകോശത്തിലെ പരിക്കുകൾ പരിഹരിക്കാനാണ് ഇപ്പോൾ ശ്രമം നടക്കുന്നത് എന്നും ഡോക്ടർമാർ വിശദീകരിച്ചു. ആരോഗ്യനിലയിൽ വ്യത്യാസം ഉണ്ടാകുന്ന മുറക്ക് മാത്രമേ വെന്റിലേറ്ററിന്റെ സപ്പോർട്ട് കുറയ്ക്കാൻ സാധിക്കുകയുള്ളൂ എന്നും നിലവിൽ അബോധാവസ്ഥയിൽതന്നെയാണ് രോഗി ഉള്ളതെന്നും വിദഗ്ധ ഡോക്ടർമാരുടെ സംഘം വ്യക്തമാക്കി.