മലപ്പുറം . സിപിഎം മലപ്പുറം ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കമാകും.
ഇന്ന് മുതൽ വെള്ളി വരെ താനൂരിൽ ആണ് സമ്മേളനം നടക്കുക.ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നും ഇ എൻ മോഹൻദാസ് മാറിയാൽ പകരം ആരെന്ന ചോദ്യമാണ് സമ്മേളനം തുടങ്ങുമ്പോൾ സജീവ ചർച്ച വിഷയം
ഇന്ന് രാവിലെ 10ന് കോടിയേരി ബാലകൃഷ്ണൻ നഗറിൽ (മൂച്ചിക്കൽ ക്രൗൺ ഓഡിറ്റോറിയം) പ്രതിനിധി സമ്മേളനം പൊളിറ്റ്‌ബ്യൂറോ അംഗം എ വിജയരാഘവൻ ഉദ്‌ഘാടനം ചെയ്യും. കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഇ പി ജയരാജൻ, പി കെ ശ്രീമതി, എളമരം കരീം, പി സതീദേവി, സംസ്ഥാന സെക്രട്ടറിയറ്റംഗങ്ങളായ പി കെ ബിജു, എം സ്വരാജ്, പി എ മുഹമ്മദ് റിയാസ് എന്നിവർ പങ്കെടുക്കും. ജനുവരി മൂന്നിന് സമ്മേളനത്തിന് സമാപനം കുറിച്ച് റെഡ് വളന്റിയർ മാർച്ചും പ്രകടനവും നടക്കും. പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും.18 ഏരിയാ കമ്മിറ്റികളെ പ്രതിനിധീകരിച്ച് 332 തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും 38 ജില്ലാ കമ്മിറ്റി അംഗങ്ങളും സമ്മേളനത്തിൽ പങ്കെടുക്കും.
ജില്ല സെക്രട്ടറി സ്ഥാനത്ത് നിന്ന് ഇഎൻ മോഹൻദാസ് മാറിയേക്കും.
മൂന്ന് ടേം അനുവദിക്കാം എന്നിരിക്കെ പ്രായാധിക്യം ആരോഗ്യ പ്രശ്നങ്ങൾ എന്നിവ ചൂണ്ടിക്കാട്ടി സ്ഥാനം ഒഴിയാൻ ആണ് ഇ എൻ മോഹൻദാസ് ആലോചിക്കുന്നത്. പകരം ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ വിപി അനിൽ, ഇ ജയൻ, ഷൗക്കത്ത് അലി, വി പി സഖറിയ എന്നിവരുടെ പേരുകൾ ആണ് സാദ്ധ്യത പട്ടികയിൽ ഉള്ളത്. ഒരു പക്ഷെ സമവായ സാദ്ധ്യത കണക്കിലെടുത്ത് ഇ എൻ മോഹൻദാസ് തന്നെ തുടരുകയും ചെയ്തേക്കാം.2018 ലാണ് ഇ എൻ മോഹൻദാസ് ജില്ലയിൽ സിപിഎം ജില്ലാ സെക്രട്ടറി ആകുന്നത്..2021 ലെ തിരൂർ സമ്മേളനത്തിൽ അദ്ദേഹത്തെ വീണ്ടും തെരഞ്ഞെടുത്തത്. ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ നീക്കങ്ങൾ, ബിജെപിയുടെ വോട്ടിൽ ഉണ്ടാകുന്ന വർദ്ധനവ്, മുസ്ലിം രാഷ്ട്രീയത്തിന് വരുന്ന മാറ്റങ്ങളും സ്വഭാവവും എല്ലാം വിശദമായ ചർച്ച ആകും. പി വി അൻവർ പുറത്ത് പോയത് വെല്ലുവിളി ആകില്ല എന്ന് പാർട്ടി വിലയിരുത്തുമ്പോഴും അൻവർ ഉന്നയിച്ച പോലീസിൻ്റെ ഇടപെടൽ സ്വർണക്കടത്ത് എല്ലാം ചർച്ച ആയേക്കും.