ഉമ തോമസ് എം എൽ എ വീണുപരിക്കേറ്റ സംഭവം, സംഘാടകർക്കെതിരെ കൂടുതൽ നടപടികളിലേക്ക് കടന്ന് പൊലീസ്,സാരിയിലും വെട്ടിപ്പ്

Advertisement

കൊച്ചി.കലൂർ സ്റ്റേഡിയത്തിൽ നൃത്ത പരിപാടിക്കിടെ
ഉമ തോമസ് എം എൽ എ വീണുപരിക്കേറ്റ സംഭവത്തിൽ സംഘാടകർക്കെതിരെ കൂടുതൽ നടപടികളിലേക്ക് കടന്ന് പൊലീസ്.
അശാസ്ത്രീയമായിയാണ് വേദി നി‍ർമിച്ചതെന്ന് റിമാൻഡ് റിപ്പോ‍ർട്ടിൽ വ്യക്തമാക്കുന്നു. സിമന്‍റ് കട്ടകൾ വെച്ചാണ് കോൺക്രീറ്റിൽ വേദി ഉറപ്പിച്ചത്. സ്റ്റേജിലുള്ളവർക്ക് അപകടം കൂടാതെ നടക്കാൻ വഴിയില്ലാത്തവിധമാണ് കസേരകൾ ക്രമീകരിച്ചത്. കോർപറേഷനിൽ നിന്നടക്കം കൃത്യമായ അനുമതി വാങ്ങാതെയാണ് താൽക്കാലിക സ്റ്റേജ് നിർമിച്ചത്. ഫയർഫോഴ്സിൽ നിന്നും നിയമപരമായ അനുമതി വാങ്ങിയില്ല തുടങ്ങി നിരവധി കാര്യങ്ങളാണ് റിമാൻഡ് റിപ്പോ‍ർട്ടിലുള്ളത്. അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും പ്രതികളെ വിശദമായി ചോദ്യം ചെയ്യണമെന്നും പൊലീസ് പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ അഞ്ച് പേരെ പ്രതി ചേർത്തു. മൃദംഗവിഷൻ എം ഡി നിഗോഷ് കുമാറാണ് കേസിലെ ഒന്നാം പ്രതി. ഷമീർ, ജനീഷ്, കൃഷ്ണകുമാർ, ബെന്നി എന്നിവരാണ് രണ്ട് മുതൽ അഞ്ച് വരെയുള്ള പ്രതികൾ. പ്രതികളായ ഷമീർ, ബെന്നി, കൃഷ്ണകുമാർ എന്നിവർക്ക് ഇന്നലെ മജിസ്ട്രറ്റ് കോടതി ജാമ്യം നൽകി. പ്രതികളുടെ ജാമ്യഅപേക്ഷ ജനുവരി 3 ന് പരിഗണിക്കും. ഇതിനിടെ മൃദംഗവിഷൻ സംഘടിപ്പിച്ച നൃത്ത പരിപാടിയിൽ ഉയർന്ന വിവാ​ദങ്ങളിൽ വിശദീകരണവുമായി കല്ല്യാൺ സിൽക്സ് രംഗത്തെത്തി. സംഘാടകരുമായി ഉണ്ടാക്കിയത് വാണിജ്യ ഇടപാട് മാത്രമാണെന്നും വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുതെന്നും കല്യാൺ സിൽക്സ് ആവശ്യപ്പെട്ടു. സാരിക്ക് ഈടാക്കിയത് 390 രൂപയാണ്. എന്നാൽ പിന്നീടാണ് ഈ സാരിക്ക് സംഘാടകർ 1600 രൂപ ഈടാക്കിയെന്ന് അറിയുന്നതെന്നും വാർത്താ കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്. പരിപാടിയിൽ പങ്കെടുത്ത കുട്ടികൾക്ക് അടിസ്ഥാന സൗകര്യo ഉറപ്പാക്കിയില്ല എന്ന് ചൂണ്ടിക്കാട്ടി ബാലാവകാശ കമ്മീഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്.