ശബരിമല സന്നിധാനത്ത് തീർത്ഥാടന പ്രവാഹം. തുടർച്ചയായ രണ്ടാം ദിനവും ദർശനം നടത്തിയവരുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടു. പമ്പ വഴി ഇന്നലെ 91, 600 പേരാണ് പതിനെട്ടാം പടികടന്ന് ദർശനം നടത്തിയത്. കാനനപാതകൾ വഴിയും ഇന്നലെ ആയിരക്കണക്കിന് ആളുകൾ എത്തി. പുതുവത്സര ദിനമായതിനാൽ ഭക്തജനപ്രവാഹം ഇന്നും തുടരും എന്നാണ് വിലയിരുത്തൽ. അതേസമയം കാനനപാത വഴിയുള്ള സ്പെഷ്യൽ പാസ് ഇന്ന് മുതൽ ഉണ്ടാകില്ല. പ്രതിക്ഷിച്ചതിലും നാലിരട്ടി ഭക്തർ സ്പെഷ്യൽ പാസ് വഴി എത്തുന്നതായി ദേവസ്വം ബോർഡ് അറിയിച്ചു. 5000 പേർക്ക് പാസ് നൽകാനായിരുന്നു തീരുമാനം. ഇന്നലെ എത്തിയത് 20,000 ലധികം പേരാണ്. ക്രമാതീതമായ തിരക്ക് നിയന്ത്രിക്കാനാണ് നടപടി. പാസുള്ളവർക്ക് വരി നിൽക്കാതെ ദർശനം സാധ്യമായിരുന്നു.