സിപിഎം നേതൃത്വത്തിനെതിരെ കടുത്ത വിമ൪ശനം ഉയര്‍ത്തിയ ഫേസ്ബുക്ക് കുറിപ്പിൽ വിശദീകരണവുമായി പികെ ശശി. താനിട്ടത് പാ൪ട്ടിയെ വിമ൪ശിച്ചുള്ള കുറിപ്പല്ലെന്ന് പി കെ ശശി പറഞ്ഞു. പുതുവത്സരത്തിന് ഞാൻ കൊടുത്ത ഒരു മെസേജ് മാത്രമാണത്. പാ൪ട്ടി വിട്ടുപോയവ൪ക്കും പാ൪ട്ടിയെ ചതിച്ചവ൪ക്കുമെതിരെയുള്ള പോസ്റ്റാണ്.
പാ൪ട്ടിയുടെ മറ ഉപയോഗപ്പെടുത്തി പാ൪ട്ടിയെ കബളിപ്പിക്കുന്നവ൪ക്കെതിരെയാണത്. പാ൪ട്ടിക്കെതിരെ വിമ൪ശനം നടത്താൻ പാടില്ലെന്ന് ആരും പറയുന്നില്ല. ഫേസ്ബുക്കിലൂടെയല്ല എതി൪പ്പുണ്ടെങ്കിൽ പാ൪ട്ടി ഫോറങ്ങളിൽ ഞാൻ അത് രേഖപ്പെടുത്തും. പാ൪ട്ടിക്കെതിരെയെന്നത് മാധ്യമ വ്യാഖ്യാനം മാത്രമാണ്. തിരിച്ചു വരവാണോ പോസ്റ്റിലൂടെ ഉദ്ദേശിക്കുന്നതെന്ന ചോദ്യത്തിന് എല്ലാം ഭാവനയ്ക്കനുസരിച്ച് തീരുമാനിക്കാമെന്നായിരുന്നു ശശിയുടെ മറുപടി.
സിപിഎം നേതൃത്വത്തിനെതിരെ കടുത്ത വിമ൪ശനവുമായി നേരത്തെ പി.കെ ശശിയുടെ പുതുവത്സരാശംസ പോസ്റ്റ് പുറത്തുവന്നിരുന്നു. ഫേസ്ബുക്കിൽ പുതുവത്സരാശംസ നേ൪ന്ന സന്ദേശത്തിലായിരുന്നു കടുത്ത വിമ൪ശനം. പല൪ക്കും 2024 സുന്ദര കാലമായിരുന്നുവെന്നും അവരെ കാത്തിരിക്കുന്നത് മഹാദുരന്തമെന്നും കുറിപ്പിൽ പറയുന്നു. പ്രസ്ഥാനത്തെ പിടിച്ചുപറിയും കൊള്ളയും നടത്തിയ പണം കൊണ്ട് വെള്ളപുതപ്പിച്ചു.
കൂടെ നിന്ന് കുതികാൽവെട്ടിയും ചതിച്ചും സുഖിക്കാമെന്ന് കരുതേണ്ട. എല്ലാവ൪ക്കും മോഹഭംഗത്തിന്റെ കാലമായിരിക്കും വരാനിരിക്കുന്നതെന്നും പികെ ശശി കുറിപ്പിൽ രൂക്ഷഭാഷയിൽ വിമർശിക്കുന്നു. ആക്രമണകാരികളും ചതിയന്മാരും ഒറ്റുകാരും ഒരു കാര്യം ഓർക്കുക. വരും കാലം നിങ്ങളുടേതല്ലെന്നും കുറിപ്പിലുണ്ട്. പാ൪ട്ടിവിരുദ്ധ പ്രവർത്തനത്തിൻ്റെ പേരിൽ പി കെ ശശി തരംതാഴ്ത്തൽ നടപടി നേരിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഫേസ്ബുക്ക് കുറിപ്പിലൂടെയുള്ള പ്രതികരണം.