അഞ്ചൽ: നാഗങ്ങളുടെ തോഴനായിരുന്നു ഏരൂർ സൗമ്യ ഭവനിൽ സജു രാജൻ; അബദ്ധത്തിലെങ്കിലും അവയിൽ ഒന്നിന്റെ വിഷം സജുവിന്റെ ജീവനെടുത്തതിന്റെ ആഘാതത്തിലാണു നാട്ടുകാർ. ഏരൂർ, അഞ്ചൽ പ്രദേശങ്ങളിൽ എവിടെയെങ്കിലും പാമ്പ് ശല്യം ഉണ്ടായാൽ ആളുകൾ ആദ്യം തേടുക സജുവിന്റെ മൊബൈൽ ഫോൺ നമ്പർ ആയിരുന്നു. വിവരം അറിഞ്ഞാൽ ഉടൻ ഓടിയെത്തിയിരുന്ന സജു ഇനി ഓർമകളിൽ… പാമ്പുകളെ നോവിക്കാതെ പിടികൂടി സുരക്ഷിത സ്ഥാനങ്ങളിൽ എത്തിച്ചിരുന്നു സജു. ഒട്ടേറെ വിഷപ്പാമ്പുകളെ വരുതിയിലാക്കിയ സജുവിന് ഇങ്ങനെ ഒരു അന്ത്യം ആരും പ്രതീക്ഷിച്ചിരുന്നില്ല.
ഏരൂർ തെക്കേവയൽ കോളനിക്കു സമീപം പാമ്പുകൾ ഭീതി പടർത്തുകയും പ്രദേശവാസിയായ ഗൃഹനാഥന്റെ ജീവനെടുക്കുകയും ചെയ്തതോടെയാണു ഞായറാഴ്ച സജു ഇവിടെ എത്തിയത്. സമീപത്തെ കാടും പടലും വെട്ടിമാറ്റി പാമ്പുകളെ പരതുന്നതിനിടെ മൂർഖൻ പാമ്പിനെ കണ്ടെത്തി. അതിനെ കയ്യോടെ പിടികൂടി ബന്ധിച്ചു. പതിവുപോലെ ഇതിനെ കുളിപ്പിക്കുകയും ചെയ്തെന്നു നാട്ടുകാർ പറയുന്നു. ഇതിനിടെ കടിയേൽക്കുകയായിരുന്നു.
ലവലേശം ഭയപ്പെടാതെ വാഹനത്തിൽ കയറിയ സജുവിനെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും നില വഷളായി. കടിച്ച പാമ്പിനെ ഇതിനിടെ വനപാലകർ ഏറ്റെടുത്തു. ഇന്നലെ പുലർച്ചെ സജുവിന്റെ ജീവൻ നഷ്ടമായി. സാധാരണക്കാരായ ആളുകളുടെ ജീവനു സംരക്ഷണം നൽകുന്നതിനു മുന്നിട്ടിറങ്ങിയ സജുവിനു ജീവൻ നഷ്ടമായതോടെ അദ്ദേഹത്തിന്റെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബം കഷ്ടപ്പാടിലേക്കു നീങ്ങുകയുമാണ്. ഭാര്യ, 2 പെൺകുട്ടികൾ എന്നിവരുൾപ്പെടുന്നതാണു സജുവിന്റെ കുടുംബം.