തിരുവനന്തപുരം. മാലിന്യ വിഷയത്തിൽ വീണ്ടും തിരുവനന്തപുരം നഗരസഭയും റെയിൽവേയും തമ്മിൽ പോര്. സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ അനുവാദം വാങ്ങാതെ റെയിൽവേ പത്ത് ലോഡ് മാലിന്യം നിക്ഷേപിച്ചെന്ന് പരാതി. മാലിന്യം നിക്ഷേപിച്ച രണ്ട് ലോറികൾ നഗരസഭ പിടിച്ചെടുത്തു.
ശുചീകരണ തൊഴിലാളിയായ ജോയി ആമയിഴഞ്ചാൻ തോട്ടിൽ വീണ് മരിച്ചതിന് പിന്നാലെയാണ് റെയിൽവേയും തിരുവനന്തപുരം നഗരസഭയും തമ്മിലുള്ള പോര് പരസ്യമായത്. നഗരത്തിലെ മാലിന്യങ്ങളുടെ പ്രധാന കാരണക്കാർ റെയിൽവേ എന്നായിരുന്നു നഗരസഭയുടെ ആരോപണം. മാലിന്യ നീക്കത്തിന് നോട്ടീസ് നൽകിയെങ്കിലും റെയിൽവേ കണ്ടഭാവം നടിച്ചില്ല. അതിനിടയാണ് സ്വകാര്യവ്യക്തിയുടെ പുരയിടത്തിൽ അനുവാദം ഇല്ലാതെ 10 ലോഡ് മാലിന്യം നിക്ഷേപിച്ചെന്ന പരാതി. നഗരസഭയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. മാലിന്യം നിക്ഷേപിച്ച രണ്ട് ലോറികൾ നഗരസഭ പിടിച്ചെടുത്തു. മാലിന്യം എടുക്കാൻ റെയിൽവേ കരാർ നൽകിയ ഏജൻസിയുടെ ലോറികളാണ് പിടിച്ചെടുത്തത്. ഇതിന് പിന്നാലെ വിശദീകരണം തേടി റെയിൽവേയ്ക്ക് നോട്ടീസ് നൽകിയെങ്കിലും മറുപടി ഉണ്ടായില്ല എന്ന് മേയർ ആര്യാ രാജേന്ദ്രൻ ആരോപിച്ചു.
നഗരത്തിലെ തോടുകൾ വൃത്തിയാക്കുമ്പോൾ റെയിൽ നീർ കുപ്പികൾ കൂടുതലായി ലഭിക്കുന്നുവെന്നും നഗരസഭ ആരോപിക്കുന്നു. ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യ നീക്കത്തിലും റെയിൽവേയുടെ ഭാഗത്ത് നിന്ന് നല്ല ഇടപെടൽ ആയിരുന്നില്ല എന്നും ആരോപണമുണ്ട്. നോട്ടീസ് നൽകി വളരെ വൈകിയ ശേഷമാണ് മാലിന്യം മാറ്റിയത്. വീണ്ടും മാലിന്യ നിക്ഷേപം തുടരുന്നു എന്നാണ് പുതിയ പരാതി.