ചങ്ങനാശേരി. മന്നം ജയന്തി ആഘോഷത്തോട് അനുബന്ധിച്ചുള്ള പൊതുസമ്മേളനം ഇന്ന് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. നേരത്തെ മുഖ്യപ്രഭാഷകൻ ആയാണ് ചെന്നിത്തലയെ എന്‍എസ്എസ് ക്ഷണിച്ചത്. അറ്റോർണി ജനറൽ ആർ. വെങ്കിട്ടരമണിയായിരുന്നു നേരത്തെ നിശ്ചയിച്ച ഉദ്ഘാടകൻ. അദ്ദേഹത്തിന് പങ്കെടുക്കാൻ അസൗകര്യം അറിയിച്ചതോടെയാണ് ചെന്നിത്തലയെ ഉദ്ഘാടകനായി നിശ്ചയിച്ചത്.11 വർഷം നീണ്ട അകൽച്ച അവസാനിപ്പിച്ചാണ് ചെന്നിത്തല ഇന്ന് എന്‍എസ്എസ് ആസ്ഥാനത്ത് എത്തുന്നത് . രമേശ് ചെന്നിത്തലയെ എൻഎസ്എസ് ക്ഷണിച്ചതിന് പിന്നാലെ വലിയ രാഷ്ട്രീയ വിവാദമായി ഇത് മാറി. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെന്ന് ചർച്ചയിൽ രമേശ് ചെന്നിത്തലയ്ക്ക് മുൻതൂക്കവും ലഭിച്ചു.കോൺഗ്രസിനുള്ളിൽ അതൃപ്തി തുടരുന്ന സാഹചര്യത്തിലാണ് ചെന്നിത്തലയെ മന്നംജയന്തി ആഘോഷത്തിന്റെ ഉദ്ഘാടനകനായും തീരുമാനിച്ചത്. താക്കോൽസ്ഥാന പരാമർശത്തെ തുടർന്ന് 2013 ലാണ് ചെന്നിത്തല എന്‍എസ്എസ്മായി അകന്നത്. പിന്നീട് എന്‍എസ്എസ്ന്റെ ഒരു പരിപാടിയിലും ചെന്നിത്തലക്ക് ക്ഷണം ഉണ്ടായിരുന്നില്ല.
എന്നാല്‍ രാഷ്ട്രീയമായി ചെന്നിത്തലയുടെ സ്വീകാര്യത കുറയ്ക്കുന്നതാണ് നായര്‍ എന്നതരത്തിലെ എടുത്തുയര്‍ത്തലെന്ന് വിലയിരുത്തുന്നവരുണ്ട്. രമേശന്‍നായര്‍ എന്നതരത്തിലുള്ള പ്രചരണം അഴിച്ചുവിട്ടാണ് സിപിഎമ്മിലെ കുശാഗ്രബുദ്ധികള്‍ ചെന്നിത്തലയെ ഒരിക്കല്‍ പിന്നോട്ട് അടിച്ചത്. ചെന്നിത്തല ഒരു നായര്‍പ്രോമോട്ടര്‍ എന്നതരത്തില്‍ അവതരിപ്പിക്കപ്പെടുന്നതോടെ അതിഷ്ടമല്ലാത്ത ചില പ്രബല ജാതി മതവിഭാഗങ്ങളുടെ വോട്ട് തങ്ങളിലേക്ക് അടുപ്പിക്കാം എന്ന കുറുക്കന്‍ബുദ്ധിയാണ് സിപിഎം നേരത്തേ ഉപയോഗിച്ചിരുന്നത്. ആര്‍എസ്എസിന്‍റെ ഇഷ്ടക്കാരനാണ് എന്ന് പ്രചരിപ്പിക്കുന്നതും ഇതേ ലക്ഷ്യത്തോടെ തന്നെ. അത് വീണ്ടുംപൊടിതട്ടി എടുക്കാനാണ് ഇനി സിപിഎം ശ്രമിക്കുക.