അനന്തപുരികത്ത്, സ്റ്റീഫന്‍
സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിക്കൽ എത്തി നിൽക്കേ മത സമുദായ സംഘടനകളുടെ പിന്തുണ ഉറപ്പിച്ച് രമേശ് ചെന്നിത്തല പുതിയ കരുക്കൾ നീക്കുന്നു. ഭരണമാറ്റം ഉണ്ടായാൽ മുഖ്യമന്ത്രി കസേര എന്ന ലക്ഷ്യമാണ് ഈ നീക്കങ്ങൾക്കു് പിന്നിലെന്നാണ് പിന്നാമ്പുറ വർത്തമാനങ്ങൾ. മുസ്ലിം ലീഗ് അധ്യക്ഷൻ്റെ നിയന്ത്രണത്തിലുള്ള ഒരു വൻ പരിപാടിയിലും പ്രത്യേക ക്ഷണിതാവായി ചെന്നിത്തല എത്തും. എസ്എൻഡിപി യൂണിയൻ ജനറൽ സെക്രട്ടറി വെള്ളാപ്പളളി നടേശനും അടുത്തിടെ ചെന്നിത്തലയെ പിന്തുണച്ച് രംഗത്ത് വന്നിരുന്നു. തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ എല്ലാ മത സാമുദായിക സംഘടനകളുടെയും പിന്തുണ ഉറപ്പാക്കുക എന്നതാണ് ചെന്നിത്തല ഇപ്പോൾ ലക്ഷ്യം വെയ്ക്കുന്നത്. കോൺഗ്രസ് നേതൃത്വവും ഇക്കാര്യങ്ങൾ പരിഗണിക്കുമെന്ന ബോധ്യമുള്ളതിനാലാണ് പ്രതിപക്ഷ നേതാവിനെ കടത്തിവെട്ടി ഇത്തരം അണിയറ നീക്കങ്ങൾ ചെന്നിത്തല നടത്തുന്നത്.
കോൺഗ്രസുകാരൻ എന്ന നിലയിലല്ല ഈ മണ്ണിൻ്റെ പുത്രൻ എന്ന നിലയിലാണ് രമേശ് ചെന്നിത്തലയെ സമ്മേളനത്തിന് ക്ഷണിച്ചതെന്ന് ചങ്ങനാശ്ശേരി പെരുന്നയിൽ നടന്ന 148- മത് മന്നം ജയന്തി സമ്മളനത്തിൽ ജനറൽ സെക്രട്ടറി എൻ.സുകുമാരൻ നായർ പറഞ്ഞു.ഈ മണ്ണുമായി അഭേദ്യമായ ബന്ധമുള്ള ആളാണ് താനെന്നും ആര് വിചാരിച്ചാലും അത് മുറിച്ച് മാറ്റാനാകില്ലന്നും പറഞ്ഞ് കൊണ്ടാണ് രമേശ് ചെന്നിത്തല മന്നം ജയന്തി സമ്മേളനത്തിൻ്റെ ഉദ്ഘാടന പ്രസംഗം തുടങ്ങിയത്. ഇത് ജീവിതത്തിലെ സൗഭാഗ്യമായി കാണുന്നുവെന്നും, പത്മനാഭപ്രഭയിൽ പെരുന്ന പ്രശോഭിതമാണെന്നും പറഞ്ഞ ചെന്നിത്തല
സ്വന്തം സമുദായത്തേയും സമുദായാചാര്യനേയും ഇപ്പോഴെത്തെ പ്രധാന സാരഥിയേയും വാനോളം പുകഴ്ത്തി പറഞ്ഞ് പതിനൊന്ന് വർഷത്തെ പിണക്കം മാറ്റി, പിന്തുണ നേടിയാണ് തലസ്ഥാനത്ത് പുതിയ കസേര എന്ന മോഹവുമായി ചങ്ങനാശ്ശേരിയിൽ നിന്ന് മടങ്ങിയത്.
ക്ഷേത്ര ദർശനത്തിന് പുരുഷൻന്മാരുടെ മേൽമുണ്ട് വിഷയത്തിൽ ശിവഗിരിയേയും മുഖ്യമന്ത്രിയേയും രൂക്ഷമായി വിമർശിച്ച എൻഎസ്എസ് ജനറൽ സെക്രട്ടറി വിശ്വാസത്തിൽ കൈകടത്തരുതെന്നും എല്ലാ ഹിന്ദുക്കളുടെയും കുത്തക ശിവഗിരിക്കില്ലെന്നും ഇതര മതസ്ഥരുടെ ആചാരങ്ങളിൽ ഇടപെടാൻ മുഖ്യമന്ത്രിക്കും ശിവഗിരിക്കും ധൈര്യമുണ്ടോയെന്നും
ഈ വ്യാഖ്യാനങ്ങളെല്ലാം ഹിന്ദുക്കളുടെ പുറത്ത് മാത്രമേ ഉള്ളോ എന്നും സുകുമാരൻ നായർ ചോദിച്ചു.
തലസ്ഥാനത്ത് വീണ്ടും ഒരു പുതു യുഗം പിറന്നു.സർക്കാരിൻ്റെ തലവനായിരുന്ന മുൻ ഗവർണ്ണർ ബീഹാറിന് വണ്ടി കയറിയപ്പോൾ യാത്രയാക്കാൻ പോകാതിരുന്ന മുഖ്യമന്ത്രി അടക്കമുള്ള വിഐപികൾ പുതിയ ഗവർണറെ വിമാനത്താവളത്തിൽ സ്വീകരിക്കാനെത്തി. പുതിയ ഗവർണായി രാജേന്ദ്ര വിശനാഥ് അർക്കേർ സ്ഥാനമേറ്റപ്പോൾ പഴയതെല്ലാം മറന്ന് മുഖ്യമന്ത്രിയും പരിവാരങ്ങളും ചടങ്ങിനെത്തുകയും ചെയ്തു. മന്ത്രിസഭാ അംഗങ്ങളെ മുഖ്യമന്ത്രി ഗവർണർക്ക് പരിചയപ്പെടുത്തി. പഴയ ഗവർണർ പോയതോടെ ഒരു മഞ്ഞുരുക്കം എല്ലാവരും പ്രതീക്ഷിച്ചിരുന്നു.അത് സാധ്യമായതിൻ്റെ ആശ്വാസത്തിലാണ് പിണറായി സർക്കാർ.
ചുമതലയേറ്റ് രണ്ടാഴ്ച കഴിയുമ്പോഴേക്കും ഗവർണർ നയപ്രഖ്യാപനം നടത്തുന്നുവെന്ന പ്രത്യേക തയോടെയാണ് ഇത്തവണ നിയമസഭാ സമ്മേളനം ആരംഭിക്കുന്നത്.
ഏഷ്യയിലെ ഏറ്റവും വലിയ കലാമേളയ്ക്ക് ആതിഥ്യമരുളാൻ തലസ്ഥാന നഗരി ഒരുങ്ങി കഴിഞ്ഞു. സാധാരണ കുട്ടികളുടെ മത്സരമെന്നതിലുപരി രക്ഷിതാക്കളും, സ്കൂൾ അധികാരികളും, നൃത്താധ്യാപകരും, ഏജൻ്റ്മാരും ഒക്കെ പിന്നണിയിൽ കളിക്കുന്ന മേളയെന്ന ഖ്യാതിയും അടുത്തിടെയായി ഇത്തരം മത്സരവേദികൾ നേടിയിട്ടുണ്ട്. അടുത്തിടെ നടന്ന സംസ്ഥാന സ്കുൾ കായിക മേളയുടെ സമ്മാനദാന ചടങ്ങിലുണ്ടായ പ്രതിഷേധം മനസ്സിലുള്ള വിദ്യാഭ്യാസ മന്ത്രി കലോത്സവം തുടങ്ങുന്നതിന് മുമ്പ് നടത്തിയ ഒരു പ്രസ്താവന ശ്രദ്ധേയമാണ്. സമ്മാനം കിട്ടിയില്ലെന്ന് പറഞ്ഞ് പ്രതിഷേധിക്കാൻ ശ്രമിച്ചാൽ ശക്തമായ നടപടി ഉണ്ടാക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.ഇത് ഒരു ചാട്ടുളി കണക്കേയാണ് അധ്യാപകരുടെ നെഞ്ചിൽ പതിച്ചത്.സംസ്ഥാന സ്കൂൾ കലോത്സവം ഹൈടെക്ക് ആക്കാനുള്ള സംവിധാനങ്ങളുമായി വിദ്യാഭ്യാസ വകുപ്പ് മുന്നോട്ട് പോകുന്നു. 63- മത് കലോത്സവത്തിൻ്റെ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
പൊതു സ്ഥലങ്ങളിൽ എന്ത് പാഴ് വസ്തു വലിച്ചെറിഞ്ഞാലും 10000 രൂപ വരെ പിഴയും ജലാശയങ്ങളിൽ മാലിന്യം തള്ളിയാൽ ലക്ഷം രൂപാ വരെ പിഴയും തടവും ലഭിക്കുന്ന ശിക്ഷ ഉറപ്പാക്കുമെന്ന പ്രഖ്യാപനത്തോടെ വലിച്ചെറിയൽ വിരുദ്ധ വാരാചരണത്തിൻ്റെ സംസ്ഥാന തല ഉദ്ഘാടനം മന്ത്രി എം ബി രാജേഷ് തലസ്ഥാനത്ത് നിർവ്വഹിച്ചു. ക്യാമറയും നിരീക്ഷണവും പരിശോധനകളും കർശനമാക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടന്ന് മന്ത്രി പറഞ്ഞു. രാത്രിയിലും പകലും യാതൊരു തദ്വദീക്ഷയും ഇല്ലാതെ മാലിന്യങ്ങൾ വാഹനങ്ങളിൽ കൊണ്ട് വന്ന് വലിച്ചെറിഞ്ഞിട്ട് പോകുന്നവർക്ക് മുഖത്തേറ്റ അടിയാണീ തീരുമാനം.ഇതിനിടെ കൊച്ചുവേളി റെയിൽവേ സ്റ്റേഷനിലെ മാലിന്യം കുമാരപുരത്തെ സ്വകാര്യ പുരയിടത്തിൽ തള്ളിയ സംഭവത്തിൽ റെയിൽവേയ്ക്കെതിരെ നടപടിയുമായി കോർപ്പറേഷൻ രംഗത്ത്. മാലിന്യം തള്ളാനെത്തിയ രണ്ട് ലോറികൾ രാത്രി കാല പരിശോധക സംഘം പിടികൂടി.പുരയിടത്തിൽ തള്ളിയ മാലിന്യം നീക്കണമെന്നാവശ്യപ്പെട്ട് റെയിൽവേയ്ക്ക് കത്ത് നൽകിയിട്ടും ഇതുവരെ മറുപടി നൽകിയിട്ടില്ല.
തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ തിരുവനന്തപുരം ആർ സി സിയിലെ മാലിന്യം തള്ളിയ നടപടി വിവാദമായിരുന്നു. കവറ്കണക്കിന് ചവറഉകള്‍ക്കിടയില്‍ ലോഡ് കണക്കിന് ചവറിന്‍റെ കാര്യം ഓര്‍മ്മിച്ചുവെന്നേയുള്ളു.
കടബാധ്യതയുണ്ടെന്നും പിടിച്ച് നിൽക്കാൻ കഴിയാതെ വന്നാൽ ജീവനൊടുക്കുമെന്നും മൊബൈലിൽ കുറിപ്പിട്ട് ഒരു കോളജ് ഉടമ ആത്മഹത്യ ചെയ്ത സംഭവം പുതുവർഷ പുലരിയിൽ തലസ്ഥാന നഗരിയെ ഞെട്ടിച്ചു.കരകുളം മുല്ലശ്ശേരി പി എ അസ്സീസ് കോളജ് ഓഫ് എൻജിനിയറിംഗ് ആൻറ് പോളീ ടെക്നിക്കിൻ്റെ ഉടമയും ചെയർമാനുമായ കൊല്ലം സ്വദേശി മുഹമ്മദ് അബ്ദുൾ അസ്സീസ് താഹ യാണ് മരിച്ചത് എന്നാണ് പോലീസ് നിഗമനം.ഡി എൻ എ പരിശോധനയ്ക്ക് ശേഷമേ ഇക്കാര്യം വ്യക്തമാകുകയുള്ളൂ. കെട്ടിടത്തിൻ്റെ പണി തീരാത്ത ഹാളിൽ കത്തി കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം. ഇദ്ദേഹത്തിൻ്റെ ഷൂസും മൊബൈലും മൃതദേഹത്തിന് സമീപത്ത് നിന്ന് കണ്ടെത്തിയിരുന്നു. ജീവിത സൗഭാഗ്യങ്ങൾ ഏറെയുണ്ടായിട്ടും ജീവിതം അവസാനിപ്പിക്കുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നതായി അടുത്തിടെ പുറത്ത് വന്ന ചില കണക്കുകൾ സൂചിപ്പിക്കുന്നു. ഓർക്കുക ആത്മഹത്യ ഒന്നിനും പരിഹാരമല്ല.