തിരുവനന്തപുരം. കേരളാ ഫിനാൻഷ്യൽ കോർപ്പറേഷനെതിരെ ഗുരുതര സാമ്പത്തിക തട്ടിപ്പ് ആരോപണവുമായി പ്രതിപക്ഷനേതാവ് വി ഡി സതീശൻ. അനിൽ അംബാനിയുടെ പൊളിഞ്ഞ കമ്പനിയിൽ KFC നിക്ഷേപിച്ചത് അറുപത് കോടി രൂപയെന്നാണ് ആരോപണം. ആരോപണങ്ങൾക്ക് പ്രതിപക്ഷ നേതാവ് തെളിവ് ഹാജരാക്കട്ടെ എന്നായിരുന്നു മുൻ ധനമന്ത്രി ഡോക്ടർ ടി എം തോമസ് ഐസകിന്റെ പ്രതികരണം. നിക്ഷേപം നടപടിക്രമങ്ങൾ പാലിച്ചുകൊണ്ടെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ.
അനിൽ അംബാനിയുടെ റിലയൻസ് കൊമേഴ്ഷ്യൽ ഫിനാൻസ് ലിമിറ്റഡ് എന്ന കമ്പനിയിൽ കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ എല്ലാ ചട്ടങ്ങളും മറികടന്ന് പണം നിക്ഷേപിച്ചു എന്നതാണ് ആരോപണം. 60 കോടി 80 ലക്ഷം രൂപയാണ് 2018ൽ നിക്ഷേപിച്ചത്. കമ്പനി ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന കാലത്തായിരുന്നു ഇത്. 2019 ൽ കമ്പനി അടച്ചുപൂട്ടി. 2018- 19, 2019 – 20 എന്നീ സാമ്പത്തിക വർഷങ്ങളിലെ വാർഷിക റിപ്പോർട്ടിൽ ഈ കമ്പനിയുടെ പേര് പോലും പറഞ്ഞില്ലെന്നും പ്രതിപക്ഷ നേതാവ് ആരോപിക്കുന്നു.
കമ്പനി അടച്ച് പൂട്ടിയതിന് പിന്നാലെ 7 കോടി 9 ലക്ഷം രൂപ കിട്ടി. പലിശ അടക്കം കിട്ടേണ്ട 101 കോടി രൂപ നഷ്ടപ്പെട്ടെന്നാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം. പ്രതിപക്ഷ നേതാവ് തന്നെ ആരോപണം തെളിയിക്കട്ടെ എന്ന് അന്ന് ധനമന്ത്രിയായിരുന്ന ഡോക്ടർ ടി എം തോമസ് ഐസക്കിന്റെ മറുപടി.
നഷ്ടപരിഹാരത്തിന് നിയമനടപടികൾ നടക്കുന്നുണ്ടെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. ആരോപണം സർക്കാർ അന്വേഷിക്കട്ടെയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പ്രതികരിച്ചു. ചെറുകിട നിക്ഷേപകരെ സഹായിക്കാൻ ആരംഭിച്ച കെ.എഫ്.സിയെ സംബന്ധിച്ച ആരോപണത്തിന് വരും ദിവസങ്ങളിൽ സർക്കാർ മറുപടി പറയേണ്ടിവരും.