കോട്ടയം: സിപിഎമ്മിനെതിരെ ഇടതുപക്ഷ കക്ഷികളുടെ വിശാല പ്ലാറ്റ്‌ഫോം രൂപീകരിക്കാൻ യുഡിഎഫിലെ ഇടതുകക്ഷികൾ. സംസ്ഥാനത്ത് സിപിഎം നേതൃത്വം നൽകുന്ന എൽഡിഎഫിന്റെ അപചയം തുറന്നുകാട്ടി തങ്ങളാണ് യഥാർഥ ഇടതുപക്ഷമെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് ലക്ഷ്യം. യുഡിഎഫിലെ ഇടതുകക്ഷികളായ ആർഎസ്പി, സിഎംപി, ആർഎംപി എന്നീ കക്ഷികൾ ഇതു സംബന്ധിച്ച ആശയവിനിമയം നടത്തി. ഫോർവേഡ് ബ്ലോക്കും ഇവർക്കൊപ്പമുണ്ടാകും. ഭിന്നിച്ച് നിൽക്കാതെ ഒരുമിച്ച് നീങ്ങാനാണ് തീരുമാനം. ഇടതുപക്ഷ ആശയങ്ങളുള്ള വ്യക്തികളെയും ഗ്രൂപ്പുകളെയും ഇതിന്റെ ഭാഗമാക്കും. അതിന്റെ സാധ്യതകൾ തേടാൻ സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണിനെ ആർഎസ്പി ചുമതലപ്പെടുത്തി.
പുതിയ കൂട്ടായ്മ ഒരു കുറുമുന്നണിയല്ലെന്നും വിശാല ഇടതുപക്ഷ ഐക്യമാണ് ലക്ഷ്യമിടുന്നതെന്നും ഷിബു ബേബി ജോൺ പറഞ്ഞു. മതനിരപേക്ഷതയും സാമ്പത്തിക കാര്യങ്ങളുമൊക്കെ ചർച്ച ചെയ്യുന്ന ഒരു കൂട്ടായ്മയായിരിക്കും ഇത്. സിപിഎമ്മിന്റെ മാഫിയവൽക്കരണവും അക്രമ രാഷ്ട്രീയവും ഉൾപ്പെടെ തുറന്നുകാട്ടും. ആദ്യപടിയായി സെമിനാർ ഉൾപ്പെടെ ആലോചിക്കുന്നുണ്ടെന്നും ഷിബു ബേബി ജോൺ പറഞ്ഞു.
ആർഎംപി നേതാവ് എൻ. വേണുവാണ് ഇത്തരമൊരു ആശയവുമായി സിഎംപി ജനറൽ സെക്രട്ടറി സി.പി. ജോണിനെ അദ്ദേഹത്തിന്റെ വീട്ടിലെത്തി കണ്ടത്. ആർഎസ്പിയുമായും ഫോർവേഡ് ബ്ലോക്കുമായും ചർച്ച നടത്തണമെന്ന് ജോൺ നിർദേശിച്ചു. ആർഎസ്പിയിൽ വിഷയം ചർച്ചയാകുന്നതിനു മുൻപ് കഴിഞ്ഞ യുഡിഎഫ് യോഗത്തിനു ശേഷം ഇക്കാര്യം ഷിബു ബേബി ജോൺ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ ധരിപ്പിച്ചു. ഇന്ത്യ മുന്നണിയെ പിന്തുണയ്ക്കുന്ന ഇടതുകക്ഷികളുടെ കൂട്ടായ്മയാണ് ലക്ഷ്യമെന്നും അതോടൊപ്പം സിപിഎമ്മിനെതിരായ ബദൽ സംസ്ഥാനത്ത് കെട്ടിപ്പടുക്കുമെന്നുമാണ് ഷിബു സതീശനോട് പറഞ്ഞത്.
നീക്കത്തെ സ്വാഗതം ചെയ്യുന്നുവെന്ന് ഫോർവേഡ് ബ്ലോക്ക് നേതാവ് ജി. ദേവരാജനും പറഞ്ഞു. എൽഡിഎഫ് ഉപേക്ഷിച്ച ഇടതുപക്ഷ അജൻഡ ജനങ്ങൾക്കു മുന്നിൽ അവതരിപ്പിക്കുകയാണ് ലക്ഷ്യമെന്നും കർഷകർക്കും തൊഴിലാളികൾക്കും വേണ്ടി നിലകൊള്ളുമെന്നും സി.പി. ജോൺ പറഞ്ഞു.