തിരുവനന്തപുരം: ചുമതലയേറ്റെടുത്ത ആദ്യദിനമായ ഇന്നലെത്തന്നെ സർക്കാരിന്റെ നീക്കം തടുത്ത് പുതിയ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. ഗവർണറുടെ സുരക്ഷാവലയത്തിലെ ഏതാനും പൊലീസ് ഉദ്യോഗസ്ഥരെ മാറ്റി പുതിയ ആളുകളെ വച്ച സർക്കാർ തീരുമാനമാണ് ഗവർണർ തിരുത്തിയത്. ഇതിനായി ഡിജിപിയുടെ ചുമതലയുള്ള എഡിജിപി മനോജ് ഏബ്രഹാമിനെ ഗവർണർ രാജ്ഭവനിലേക്കു വിളിച്ചു വരുത്തി.
ഗവർണറായിരുന്ന ആരിഫ് മുഹമ്മദ് ഖാനു വിശ്വസ്തരായിരുന്ന ഈ ഉദ്യോഗസ്ഥരെ ഒഴിവാക്കി പകരം സർക്കാരിനും ആഭ്യന്തരവകുപ്പിനും വേണ്ടപ്പെട്ടവരെ രാജ്ഭവനിലേക്ക് നിയോഗിക്കാനുള്ള നീക്കമാണ് ഇതോടെ നടപ്പാകാതെ പോയത്.
ഒഴിവാക്കപ്പെട്ടവർ തന്നെയാണ് പരാതി ഗവർണറുടെ സവിധം എത്തിച്ചതെന്നാണ് വിവരം. തുടർന്ന് രാജ്ഭവനിലെ ഉദ്യോഗസ്ഥരുമായി സംസാരിച്ച ഗവർണർ ഈ നീക്കത്തിനു പിന്നിലുള്ള ലക്ഷ്യത്തെപ്പറ്റി സംശയത്തിലായി. തുടർന്ന് മനോജ് ഏബ്രഹാമിനെ കാണാൻ താൽപര്യം പ്രകടിപ്പിക്കുകയായിരുന്നു. ഗവർണറുടെ ആവശ്യം അദ്ദേഹം അപ്പോൾത്തന്നെ അംഗീകരിച്ചു.