കൊച്ചി.കലൂർ സ്റ്റേഡിയത്തിൽ നൃത്ത പരിപാടി അവതരിപ്പിക്കാൻ അനുമതി നൽകിയത് ജിസിഡിഎ ചെയർമാൻ നേരിട്ട് എന്ന് തെളിവുകൾ.പരിപാടിക്ക് അനുമതി നൽകരുതെന്ന് ഉദ്യോഗസ്ഥർ ഫയലിൽ കുറിച്ചു എങ്കിലും ചെയർമാൻ നേരിട്ടാണ് അനുമതി നൽകിയതെന്ന് തെളിയിക്കുന്ന ജിസിഡിഎയുടെ രേഖകൾ പുറത്തുവന്നു. ഈ ത് വാര്‍ത്തയായതോടെ ജിസിഡിഎ ചെയർമാനെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഉപരോധിച്ചു.ഉമാ തോമസിന് പരിക്കേറ്റ സംഭവത്തിൽ ജിസിഡിഎക്ക് വീഴ്ച സംഭവിച്ചു എന്ന് പ്രതിപക്ഷ നേതാവും ആരോപിച്ചു
കലൂർ സ്റ്റേഡിയത്തിൽ മൃദംഗ വിഷന്റെ പരിപാടിക്ക് അനുമതി നൽകേണ്ട എന്ന് ജിസിഡിഎ എസ്റ്റേറ്റ് വിഭാഗം ഉദ്യോഗസ്ഥർ ഫയലിൽ കുറിച്ചതാണ്.എന്നാൽ കാര്യകാരണങ്ങൾ നിരത്തി ഉദ്യോഗസ്ഥർ അനുമതി നിഷേധിച്ച പരിപാടിക്കാണ് ചെയർമാനിടപ്പെട്ട് പ്രത്യേക അനുമതി നൽകിയത്.
ചെയർമാൻ അനുമതി നൽകിയതിന് പിന്നാലെ മൃദംഗ വിഷൻ GCDAയുടെ അക്കൗണ്ടിൽ 13ലക്ഷം രൂപ അടയ്ക്കുകയും ചെയ്തു.പോലീസിന്റെയോ ഫയർഫോഴ്സിന്റെയോ കൊച്ചി കോർപ്പറേഷന്റെയോ അനുമതി നേടും മുമ്പാണ് ഒറ്റ ദിവസം കൊണ്ട് സംഘാടകർക്ക് ദ്രുതഗതിയിൽ അനുമതി ലഭിച്ചത്.എന്തിനാണ് ഇങ്ങനെ ഒരു അനുമതി നൽകിയതെന്ന് ചോദ്യമാണ് ഉയരുന്നത്.ആരോപണത്തെക്കുറിച്ച് പ്രതികരിക്കാൻ ജിസിഡിഎ ചെയർമാൻ കെ ചന്ദ്രൻപിള്ള തയ്യാറായില്ല
ജിസിഡിഎ എക്സിക്യൂട്ടീവ് യോഗത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി എത്തി.ചെയർമാനെ ഉപരോധിക്കുമ്പോഴും കടവന്ത്ര പോലീസ് വിവരം അറിഞ്ഞിരുന്നില്ല.
ഉമാ തോമസിന് പരിക്കേറ്റ സംഭവത്തിൽ ജിസിഡിഎക്ക് വീഴ്ച സംഭവിച്ചു എന്നും കേരളം മുഴുവൻ പറയുന്നത് സുരക്ഷാ വീഴ്ചയെ കുറിച്ച് ആണ് എന്നും പ്രതിപക്ഷ നേതാവും ആരോപിച്ചു.ജിസിഡിഎയുടെ ഭാഗത്തുനിന്ന് തുടർ പരിശോധനകളും നടപടികളും ഉണ്ടാകുമെന്നാണ് ഭരണസമിതിയുടെ വിശദീകരണം