മലപ്പുറം:നിലമ്പൂർ ഡി എഫ് ഒ ഓഫീസ് അടിച്ച് തകർത്ത സംഭവത്തിൽ പി വി അൻവർ എം എൽ എ യെ അറസ്റ്റ് ചെതത് വൻ നാടകീയ സംഭവങ്ങൾക്കൊടുവിൽ. നിലമ്പൂർ ഡി എഫ് ഓ ഓഫീസ് ഇന്ന് രാവിലെ 11 മണിയോടെ അടിച്ചു തകർത്ത കേസിൽ പി വി അൻവറിനെ ഒന്നാം പ്രതിയാക്കി കേസ്സെടുത്തിരുന്നു. വൈകിട്ട് 7.45തോടെ ഒതായിയിലെ വീട്ടിലെത്തിയ പോലീസ് സംഘം നോട്ടീസ് നൽകിയതോടെ വൈദ്യ പരിശോധനയ്ക്കായി ഡോക്ടറെ വീട്ടിലേക്ക് അൻവർ വിളിച്ചു വരുത്തി.പരിശോധന പൂർത്തീകരിച്ച ശേഷമായിരുന്നു അറസ്റ്റ്.നിയമപ്രകാരം ചട്ടങ്ങൾ പാലിച്ചാണ് പോലീസ് നടപടി സ്വീകരിച്ചത്.പൊതുമുതൽ നശിപ്പിക്കൽ, ഗൂഢാലോചന, കലാപാഹ്വാനം, ഉദ്യോഗസ്ഥരെ കൈയ്യേറ്റം ചെയ്യൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയായിരുന്നു അറസ്റ്റ്. 9.40 ഓടെ അറസ്റ്റ് രേഖപ്പെടുത്തി അൻവറിനെ വീടിന് പുറത്തേക്ക് എത്തിച്ചതോടെ പാർട്ടി പ്രവർത്തകർ പോലീസിനെതിരെയും മുഖ്യമന്ത്രിക്ക് എതിരേയും മുദ്രാവാക്യം മുഴക്കി. എം എൽ എ സ്വന്തം വാഹനത്തിൽ വരുമെന്ന് പ്രവർത്തകർ പറഞ്ഞെങ്കിലും പോലീസ് ജീപ്പിൻ്റെ പിറകിലെ സീറ്റിലേക്ക് കയറ്റാൻ ശ്രമിച്ചത് പാർട്ടി പ്രവർത്തകർ തടഞ്ഞു.തുടർന്ന് മധ്യത്തിലെ സീറ്റിലിരുത്തിയാണ് വീട്ടിൽ നിന്ന് പോലീസ് നിലമ്പൂർ സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. വൈദ്യപരിശോധന പൂർത്തീകരിച്ച് രാത്രി തന്നെ മജിസ്ട്രേറ്റിൻ്റെ വീട്ടിൽ ഹാജരാക്കാനാണ് പോലീസ് ശ്രമം.
കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവ് മരിച്ച സംഭവത്തിൽ പ്രതിഷേധിച്ചായിരുന്നു ഇന്ന് നിലമ്പൂർ ഡി എഫ് ഒ ഓഫീസിലേക്ക് എം എൽ എ യുടെ നേതൃത്വത്തിൽ മാർച്ച് നടത്തിയത്.ഇതിനിടെ ചില പ്രവർത്തകർ അക്രമാസക്തരായി ഓഫീസിൻ്റെ ഗേറ്റ് തകർത്ത് അകത്ത് കയറി ഉപകരണങ്ങൾ അടിച്ച് തകർത്തു. ഇതിൽ 3 പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
സംഭവത്തിൽ 11 പേരാണ് പ്രതികൾ.
അറസ്റ്റ് പോലീസ് സ്വീകരിക്കുന്ന സ്വാഭാവികവും നിയമാനുസൃതവുമായ നടപടി മാത്രമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു.